‘ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നത് ബിജെപിക്ക് വേണ്ടി മാത്രം; എല്ലാ ക്രമക്കേടുകളും അന്വേഷിക്കണം’: എം.വി ഗോവിന്ദൻ
പാലക്കാട്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നടത്തിയിട്ടുള്ള എല്ലാ ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 2006-ൽ സംസ്ഥാനത്തെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇപ്പോൾ കേസെടുക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ വിവാദമായ മലപ്പുറം പരാമർശം പാർട്ടിയുടെ നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2006-ലെ വിഷയം മാത്രമല്ല, ഗ്യാനേഷ് കുമാർ നടത്തിയിട്ടുള്ള എല്ലാ അഴിമതികളും ക്രമക്കേടുകളും ഗൗരവമായി തന്നെ അന്വേഷിക്കണമെന്നാണ് സി.പി.എമ്മിന്റെ കർശന നിലപാടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ബി.ജെ.പിക്ക് വേണ്ടി മാത്രമുള്ളതാണെന്നും, അതിനപ്പുറം ജനാധിപത്യപരമായ ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്നും ഗോവിന്ദൻ ആരോപിച്ചു. ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്ന അദ്ദേഹത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് എത്രയും വേഗം പുറത്താക്കണമെന്ന ജനകീയ ആവശ്യമാണ് രാജ്യമെമ്പാടും ഉയരുന്നതെന്നും, ഇതിനെതിരെ അതിശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മലപ്പുറം ജില്ലയെക്കുറിച്ച് പി. നന്ദകുമാർ നടത്തിയ വിവാദ പരാമർശത്തെ എം.വി ഗോവിന്ദൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. നന്ദകുമാറിന്റെ പ്രസ്താവന പാർട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, മലപ്പുറത്തെ മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും കൈകാര്യം ചെയ്യുന്ന ആശയങ്ങൾ വർഗീയ നിലപാടുകളാണെന്ന് പാർട്ടി എക്കാലവും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ദേശീയ പ്രസ്ഥാനത്തോടൊപ്പം ചേർന്ന് സാമ്രാജ്യത്വത്തിനെതിരെ ഉജ്ജ്വലമായ പോരാട്ടങ്ങൾ നടത്തിയ ചരിത്രമുള്ള മണ്ണാണ് മലപ്പുറമെന്നും, മഹാരഥന്മാരായ നിരവധി ദേശീയ നേതാക്കൾ ഉയർന്നുവന്ന പ്രദേശമാണതെന്നും ഗോവിന്ദൻ മാസ്റ്റർ ഓർമ്മിപ്പിച്ചു.