യുവതിക്ക് വിവാഹവാഗ്ദാനം നൽകി ഗർഭിണിയാക്കിയ ശേഷം പിന്മാറി; സിഐക്ക് സസ്പെൻഷൻ
പത്തനംതിട്ട: യുവതിക്ക് വിവാഹവാഗ്ദാനം നൽകി ഒപ്പം താമസിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം പിന്മാറിയെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പത്തനംതിട്ട ഡിസ്ട്രിക്ട് ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐ ടി.കെ വിനോദ് കൃഷ്ണയെയാണ് ഐ.ജി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ ഇരുപത്തിയെട്ടുകാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉന്നതതല നടപടി.
ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം പരാതിക്കാരിയെ വിവാഹം കഴിക്കാമെന്നായിരുന്നു സി.ഐ വിനോദ് കൃഷ്ണ നൽകിയിരുന്ന വാഗ്ദാനം. ഇത് വിശ്വസിച്ച് യുവതി ഇയാൾക്കൊപ്പം താമസിക്കുകയും ചെയ്തു. എന്നാൽ ഗർഭിണിയായതോടെ ഇയാൾ വിവാഹവാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. തുടർന്നാണ് യുവതി നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകിയത്.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പോകുമ്പോഴും ഇയാൾ യുവതിയെ ഒപ്പം കൂട്ടിയിരുന്നു. ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് ട്രാൻസ്ഫർ ലഭിച്ച സമയത്ത് സി.ഐ യുവതിയെ തനിക്കൊപ്പം താമസിപ്പിച്ചിരുന്നു. ഇതിന് പുറമെ, ഒരു കേസ് അന്വേഷണത്തിനായി ഹൈദരാബാദിലേക്ക് പോയപ്പോഴും യുവതിയെ ഇയാൾ ഒപ്പം കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഉദ്യോഗസ്ഥനെതിരെ ക്രിമിനൽ കേസെടുക്കുന്ന കാര്യവും പൊലീസ് ഗൗരവമായി പരിശോധിച്ചുവരികയാണ്. നിലവിൽ ക്രിമിനൽ കേസ് വേണ്ടെന്നാണ് പരാതിക്കാരിയായ യുവതിയുടെ നിലപാട്. എന്നാൽ, ഒരു നിയമപാലകന്റെ ഭാഗത്തുനിന്നുണ്ടായ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സി.ഐക്കെതിരെ കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് സൂചന.