‘വെറുതെയല്ല പ്രിയദർശിനി’; ജോലിസ്ഥലത്തേക്ക് ബസിനെ ആശ്രയിക്കുന്ന സ്ത്രീകളിൽ കേരളം ഒന്നാമത്; വിവരങ്ങളുമായി കേന്ദ്ര സർവേ
ന്യൂഡൽഹി: രാജ്യത്ത് ജോലിസ്ഥലത്തേക്ക് പോകാനായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത് വെറും 9 ശതമാനം പേർ മാത്രമാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ പുതിയ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു. മന്ത്രാലയം ആദ്യമായി നടത്തിയ ദേശീയ കുടുംബ യാത്രാ സർവേയിലാണ് (നാഷണൽ ഹൗസ്ഹോൾഡ് ട്രാവൽ സർവേ) ഈ വിവരങ്ങളുള്ളത്.
2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ രാജ്യത്തെ ഇരുപത് ലക്ഷത്തോളം ആളുകളിൽ നിന്നായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സർവേ പ്രകാരം രാജ്യത്തെ 43 ശതമാനം ജനങ്ങളും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പോകാൻ ഇരുചക്ര വാഹനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കേവലം മൂന്ന് ശതമാനം പേർ മാത്രമാണ് യാത്രയ്ക്കായി കാറുകൾ ഉപയോഗിക്കുന്നത്.
ജോലിക്കായി ഒരു കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യുന്ന നഗരവാസികളായ സ്ത്രീകളിൽ 21.7 ശതമാനം പേരും പ്രധാന യാത്രാമാർഗ്ഗമായി ബസുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ നഗരങ്ങളിലെ പുരുഷന്മാരുടെ കാര്യത്തിൽ ഇത് വെറും 6.9 ശതമാനം മാത്രമാണ്. പല സംസ്ഥാനങ്ങളിലും തൊഴിലിടങ്ങളിലേക്ക് ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ഇതിൽ കേരളമാണ് രാജ്യത്ത് ഒന്നാമതുള്ളത്.
കേരളത്തിൽ 46.8 ശതമാനം സ്ത്രീകൾ ജോലിക്ക് പോകാൻ ബസുകളെ ആശ്രയിക്കുമ്പോൾ, തമിഴ്നാട്ടിൽ ഇത് 41.1 ശതമാനവും കർണാടകയിൽ 34.9 ശതമാനവും തെലങ്കാനയിൽ 28.9 ശതമാനവുമാണ്. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നിരവധി സംസ്ഥാനങ്ങളുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ കണ്ടെത്തലുകൾ എന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിലടക്കം കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള സർക്കാരിന്റെ തീരുമാനങ്ങൾ എത്രത്തോളം പ്രായോഗികമാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.
പ്രാദേശിക തലത്തിലുള്ള ഗതാഗത സംവിധാനങ്ങളുടെ കൃത്യമായ ആസൂത്രണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ ഗതാഗത സംവിധാനങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തുക, ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് യാത്രാ റൂട്ടുകൾ പുനഃക്രമീകരിക്കുക, സർവീസുകളും സമയക്രമവും കൂടുതൽ മെച്ചപ്പെടുത്തുക എന്നിവയ്ക്കും ഈ സർവേയിലെ കണ്ടെത്തലുകൾ വലിയ രീതിയിൽ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.