28/10/2026
[fontresizer_tawhidurrahmandear_widget]

‘ഇത് പാവപ്പെട്ടവൻ്റെ ജീവൻ്റെ പ്രശ്നം, കച്ചവടമല്ല, എന്തുകൊണ്ടാണ് മിക്ക മരുന്നുകളെയും വില നിയന്ത്രണത്തിന് പുറത്ത് നിര്‍ത്തിയിരിക്കുന്നത്?’; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

 ‘ഇത് പാവപ്പെട്ടവൻ്റെ ജീവൻ്റെ പ്രശ്നം, കച്ചവടമല്ല, എന്തുകൊണ്ടാണ് മിക്ക മരുന്നുകളെയും വില നിയന്ത്രണത്തിന് പുറത്ത് നിര്‍ത്തിയിരിക്കുന്നത്?’; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: ജീവൻരക്ഷാ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വില നിയന്ത്രണത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. രാജ്യത്തെ 90 ശതമാനത്തോളം മരുന്നുകളും എന്തുകൊണ്ടാണ് വിലനിയന്ത്രണ പരിധിയിൽ ഉൾപ്പെടുത്താത്തതെന്നും, നിലവിലെ സംവിധാനങ്ങൾ മുഴുവൻ മരുന്ന് കമ്പനികളെ സഹായിക്കാൻ വേണ്ടിയാണോ പ്രവർത്തിക്കുന്നതെന്നും കോടതി തുറന്നടിച്ചു.

മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും അമിതവില ഈടാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തെ വിമർശിച്ചത്. “ഇത് പാവപ്പെട്ടവൻ്റെ ജീവൻ്റെ പ്രശ്നമാണ്, അല്ലാതെ വെറുമൊരു കച്ചവടമല്ല. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളെയാണ് സർക്കാർ കാണേണ്ടത്. പൗരന്മാരുടെ ജീവനേക്കാൾ വലുതാണോ സാമ്പത്തിക നയങ്ങൾ?” എന്ന് കോടതി ചോദിച്ചു. ആദ്യം വില കുത്തനെ ഉയർത്തുകയും പിന്നീട് നാമമാത്രമായി കുറയ്ക്കുകയും ചെയ്യുന്ന പ്രവണതയെയും ബെഞ്ച് ചോദ്യം ചെയ്തു. കൂടുതൽ മരുന്നുകളെ അടിയന്തരമായി വില നിയന്ത്രണ പരിധിയിൽ കൊണ്ടുവരണമെന്നും കോടതി നിർദ്ദേശിച്ചു.

ഇന്ത്യയിൽ മരുന്നുകൾക്ക് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയാണെന്ന കേന്ദ്ര സർക്കാരിൻ്റെ വാദം കോടതി തള്ളി. ചില മരുന്നുകളെ മാത്രം അവശ്യ മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിൻ്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും, കാൻസർ മരുന്നുകൾക്ക് ന്യായവില ഉറപ്പാക്കാൻ ആറ് വർഷമെടുത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ചോദിച്ചു.

അതേസമയം, ആശുപത്രികളുടെ പ്രവർത്തനച്ചെലവ് കണ്ടെത്തുന്നത് മരുന്ന് വ്യാപാരത്തിൽ നിന്നുള്ള ലാഭത്തിലൂടെയാണെന്ന് ആശുപത്രികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. ഓപ്പറേഷൻ തിയേറ്ററുകൾ, രോഗനിർണയ ഉപകരണങ്ങൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ജീവനക്കാർ എന്നിവയുടെ ചെലവുകൾക്ക് ഈ ലാഭം അനിവാര്യമാണെന്നായിരുന്നു ആശുപത്രികളുടെ വാദം. വിശദമായ വാദപ്രതിവാദങ്ങൾക്ക് ശേഷം ഹർജികളിൽ വിധി പറയാനായി സുപ്രീം കോടതി കേസ് മാറ്റിവെച്ചു.

Also read: