22/10/2026
[fontresizer_tawhidurrahmandear_widget]

‘എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല’; സുരേഷ് ഗോപി

 ‘എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല’; സുരേഷ് ഗോപി

കണ്ണൂർ: കേരളത്തിൽ എയിംസ് വരുമെന്ന കാര്യത്തിൽ ആവർത്തിച്ച് ഉറപ്പ് നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസ് സ്ഥാപിക്കുന്നതിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പിൽ താൻ ജനങ്ങളോട് വോട്ട് ചോദിക്കാൻ വരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് എയിംസ് അനുവദിക്കുന്നത് നിലവിൽ കേന്ദ്ര സർക്കാരിന്റെ മുൻഗണനാ പട്ടികയിലില്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്രം നിലപാടറിയിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ വിശദീകരണം. കോടതിയിൽ കേന്ദ്രം അറിയിച്ചത് മുൻഗണനയെ കുറിച്ച് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എയിംസിനായി കുറഞ്ഞത് അഞ്ച് സ്ഥലങ്ങളുടെ പ്രൊപ്പോസലെങ്കിലും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകേണ്ടതുണ്ടെന്നും, എന്നാൽ അത് ഇതുവരെ നൽകിയിട്ടില്ലെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. “തുടങ്ങിയ കാലം തൊട്ട് എയിംസിന്റെ പേരിൽ ഇത്തരത്തിൽ തർക്കങ്ങൾ നടക്കുന്നുണ്ട്. തൃശൂർ ഉൾപ്പെടെ എവിടെയെല്ലാം സ്ഥലം ഏറ്റെടുക്കാൻ കഴിയുമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ? എയിംസ് ആലപ്പുഴ വേണോ തൃശൂർ വേണോ എന്ന് ആദ്യം സംസ്ഥാന സർക്കാർ വ്യക്തമാക്കണം. 2025 ജൂണിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ കേരളത്തിൽ എയിംസ് വരുമെന്ന് പറഞ്ഞിരുന്നു, വരിക തന്നെ ചെയ്യും. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ വോട്ട് ചോദിച്ച് ഞാൻ വരില്ല, ഇതിനപ്പുറം എന്ത് വാക്കാണ് ഞാൻ നൽകേണ്ടത്?” സുരേഷ് ഗോപി ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുൻഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് ആദ്യ പരിഗണനയെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാൽ, ആരോഗ്യരംഗത്ത് മുന്നിൽ നിൽക്കുന്നത് എയിംസ് ലഭിക്കാൻ ഒരു അയോഗ്യതയാണോ എന്ന് ചോദിച്ച കോടതി കേന്ദ്ര നിലപാടിനെ വിമർശിച്ചിരുന്നു. ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന് എയിംസിന് അർഹതയുണ്ടെന്നും, കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തി അപേക്ഷ നൽകിയിട്ട് വർഷങ്ങളായെന്നും കാസർകോട്ടെ കൂട്ടായ്മ നൽകിയ ഹർജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച ഹൈക്കോടതി ആറാഴ്ച കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.

Also read: