22/10/2026
[fontresizer_tawhidurrahmandear_widget]

വോട്ടറുടെ പേര് ‘ടക്കർ മാർന’, അച്ഛന്റെ പേര് ‘രാം നേ ശർമ്മ കോ മാരാ’; ചിലയിടത്ത് പേര് ‘ബികോം’; ഉത്തർപ്രദേശ് വോട്ടർ പട്ടികയിൽ വിചിത്ര പേരുകൾ

 വോട്ടറുടെ പേര് ‘ടക്കർ മാർന’, അച്ഛന്റെ പേര് ‘രാം നേ ശർമ്മ കോ മാരാ’; ചിലയിടത്ത് പേര് ‘ബികോം’; ഉത്തർപ്രദേശ് വോട്ടർ പട്ടികയിൽ വിചിത്ര പേരുകൾ

ലഖ്‌നൗ: ഉത്തർപ്രദേശിലെ അലഹബാദ്-ഝാൻസി ഗ്രാജ്വേറ്റ്സ് മണ്ഡലത്തിലെ 2026-ലെ വോട്ടർ പട്ടികയിൽ കടന്നുകൂടിയത് നിരവധി വിചിത്രമായ പേരുകൾ. വോട്ടർമാരുടെ പേരുകളിലും അവരുടെ പിതാവിന്റെ പേരുകളിലുമാണ് അസാധാരണവും തെറ്റായതുമായ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കണ്ടെത്തൽ വോട്ടർ പട്ടികയിലെ വിവരങ്ങളുടെ കൃത്യതയെയും പരിശോധനാ സംവിധാനങ്ങളെയും കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് പുതുക്കിയ വോട്ടർ പട്ടികയിലെ വിചിത്രമായ പേരുകൾ പരിശോധിച്ചത്.

ഒരു വോട്ടറുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് ‘രവി ശർമ്മ’ എന്നാണ്. എന്നാൽ അയാളുടെ അച്ഛന്റെ സ്ഥാനത്ത് നൽകിയിരിക്കുന്നത് ‘രാം നേ ശർമ്മ കോ മാരാ’ (രാമൻ ശർമ്മയെ അടിച്ചു) എന്നാണ്. സമാനമായ രീതിയിൽ ‘രാം നേ യാദവ് കോ മാരാ’ (രാമൻ യാദവിനെ അടിച്ചു) എന്ന് പേരുള്ള ഒരാളുടെ അച്ഛന്റെ പേരായി നൽകിയിരിക്കുന്നത് മൂർഖ് ചന്ദ്ര യാദവ് എന്നാണ്. മറ്റൊരു വോട്ടറായ നരേന്ദ്ര യാദവിന്റെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ഒരു വ്യക്തിയുടെ പേരിന് പകരം ‘ബികോം’ (B Com) എന്ന വിദ്യാഭ്യാസ യോഗ്യതയാണ്.

മറ്റു ചില വിചിത്ര പേരുകൾ കൂടിയുണ്ട്. ഒരു വോട്ടറുടെ പേര് ‘ഫൈസ് അബ്ബാസ് നേ കഹാ’ എന്നാണ് (ഫൈസ് അബ്ബാസ് പറഞ്ഞു). ഇയാളുടെ അച്ഛന്റെ പേരായി സയ്യിദ് ജബ്ബാർ ഹുസൈൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു വോട്ടറുടെ പേര് ‘ഇർഫാൻ അലി നേ കഹാ’ (ഇർഫാൻ അലി പറഞ്ഞു) എന്നാണ്. അയാളുടെ അച്ഛൻ സയ്യിദ് ഇർഫാൻ അലിയാണ്. പട്ടികയിൽ പുരുഷനായി രേഖപ്പെടുത്തിയിരിക്കുന്ന ഒരാളുടെ പേര് ‘മൂർഖ് കാലി ദേവി’ എന്നാണ്, പിതാവിന്റെ പേര് രാംജിത് പട്ടേൽ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ‘മുഹമ്മദ് പാഗൽ രെഹാൻ’, ‘ടക്കർ മാർന’ എന്നിങ്ങനെയും പേരുകളുണ്ട്. ഇതിൽ ടക്കർ മാർന എന്നയാളുടെ അച്ഛന്റെ പേരും ‘ടക്കർ മാർന’ എന്ന് തന്നെയാണ് നൽകിയിരിക്കുന്നത്.

വോട്ടർ പട്ടികയിലെ ഈ തെറ്റുകളെക്കുറിച്ച് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവദീപ് റിൻവയോട് ടൈംസ് ഓഫ് ഇന്ത്യ പ്രതികരണം ആരാഞ്ഞിരുന്നു. “പ്രാഥമികമായി നോക്കുമ്പോൾ വോട്ടർ പട്ടികയിൽ ചില പ്രശ്നങ്ങളുള്ളതായി കാണുന്നുണ്ട്. ഈ പ്രത്യേക എം.എൽ.സി മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ഝാൻസി ഡിവിഷണൽ കമ്മീഷണറോട് വ്യാഴാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്,” എന്ന് അദ്ദേഹം വ്യക്തമാക്കി.

Also read: