‘ഇടിപ്പിച്ച് കൊല്ലാൻ നോക്കുന്നോ’; കൊച്ചിയിൽ ബൈക്ക് യാത്രികരെ ഇടിച്ച് സ്വകാര്യ ബസ്സിന്റെ പരാക്രമം; നടുറോഡിൽ ബസ് തടഞ്ഞ് യുവതി
കൊച്ചി: കൊച്ചി നഗരത്തിൽ വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ അഴിഞ്ഞാട്ടം. തുടർച്ചയായി ഹോൺ മുഴക്കി പിന്നിലൂടെ പാഞ്ഞെത്തിയ സ്വകാര്യ ബസ് ഇരുചക്ര വാഹന യാത്രികരെ ഇടിച്ചിട്ടതായും, ചോദ്യം ചെയ്തപ്പോൾ വീണ്ടും വാഹനത്തിൽ ഇടിപ്പിച്ചതായും പരാതി. ഇടപ്പള്ളി മേൽപ്പാലത്തിന് സമീപം ബുധനാഴ്ച രാവിലെ 9.30-നാണ് സംഭവം. അപകടമുണ്ടാക്കിയ ‘വഹ്ബിയ’ ബസ്സിന് മുന്നിൽ കയറി നിന്ന് യുവതി ബസ് തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഫോർട്ട് കൊച്ചിയിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന മുഹമ്മദ് റിസ്വാൻ എന്ന യുവാവിനും ഒപ്പമുണ്ടായിരുന്ന കുടുംബ സുഹൃത്തായ യുവതിക്കുമാണ് ദുരനുഭവമുണ്ടായത്. അമിതവേഗതയിലെത്തിയ ബസ് ഹോൺ മുഴക്കി കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് യുവാവ് പറഞ്ഞു. ബൈക്കിൽ ഇടിച്ചത് ചോദ്യം ചെയ്യാൻ ഡ്രൈവർക്ക് സമീപമെത്തിയ തന്നെ ബസ് ജീവനക്കാർ മർദ്ദിച്ചതായും റിസ്വാൻ ആരോപിച്ചു. ഇതിന് പിന്നാലെ ബസ് വീണ്ടും മൂന്ന് തവണ ബോധപൂർവ്വം ബൈക്കിൽ ഇടിപ്പിച്ചതായും പരാതിയിലുണ്ട്. ഇതോടെയാണ് ബസ് ഇടിപ്പിച്ച് കൊല്ലാൻ നോക്കുകയാണെന്ന് ആരോപിച്ച് യുവതി നടുറോഡിൽ ബസ്സിന് മുന്നിൽ കയറി നിന്ന് തടഞ്ഞത്. പിന്നീട് പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ റോഡിൽ നിന്നും മാറ്റിയത്.
സംഭവത്തിൽ ബസ് ഡ്രൈവറായ മുഹമ്മദ് റിയാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഡ്രൈവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് റിസ്വാൻ, ഒപ്പമുണ്ടായിരുന്ന ആശ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ തങ്ങൾ പരാതി നൽകിയിട്ടും പോലീസ് ബസ് ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് യുവാക്കൾ ആരോപിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കൊച്ചിയിൽ നിരന്തരം ആവർത്തിക്കുന്ന സ്വകാര്യ ബസ്സുകളുടെ നിയമലംഘനങ്ങൾക്കും അമിതവേഗതയ്ക്കുമെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.