27/11/2026
[fontresizer_tawhidurrahmandear_widget]

തോക്കുമായി സ്‌കൂളിലെത്തിയത് നടൻ വിജയ്‌യോടുള്ള ആരാധന മൂലം; ‘ലിയോ’ സിനിമയിലെ രംഗം അനുകരിക്കാൻ ശ്രമിച്ചെന്ന് ഒമ്പതാം ക്ലാസുകാരന്റെ മൊഴി

 തോക്കുമായി സ്‌കൂളിലെത്തിയത് നടൻ വിജയ്‌യോടുള്ള ആരാധന മൂലം; ‘ലിയോ’ സിനിമയിലെ രംഗം അനുകരിക്കാൻ ശ്രമിച്ചെന്ന് ഒമ്പതാം ക്ലാസുകാരന്റെ മൊഴി

കൂറ്റനാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസുകാരൻ കൊണ്ടുവന്ന തോക്കിൽ നിന്ന് സഹപാഠിക്ക് വെടിയേറ്റ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. ചെറുപ്പം മുതലേ നടൻ വിജയ്‌യുടെ കടുത്ത ആരാധകനായ വിദ്യാർഥി, ‘ലിയോ’ സിനിമയിൽ താരം ഇടതുകൈകൊണ്ട് തോക്ക് കറക്കി വെടിയുതിർക്കുന്ന രംഗം അനുകരിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. കൂട്ടുകാർക്കിടയിൽ ഹീറോ പരിവേഷം നേടുന്നതിനായി ഇത്തരത്തിൽ തോക്ക് കറക്കി പ്രകടനം നടത്തുകയായിരുന്നുവെന്ന് വിദ്യാർഥി പൊലീസിന് മൊഴി നൽകി.

ചൊവ്വാഴ്ച രാവിലെ 11.45-ഓടെയായിരുന്നു സംഭവം. ഇടവേള സമയത്ത് ക്ലാസ് മുറിയിൽ വെച്ച് ഇടതുകൈകൊണ്ട് തോക്ക് കറക്കിയപ്പോൾ 11 ഹോളുകൾ തിരിയുന്നതിനിടെ ആദ്യത്തെ വെടിപൊട്ടി. എന്നാൽ വലിയ ശബ്ദം ഇല്ലാതിരുന്നതിനാൽ കുട്ടികൾ അത് അത്ര കാര്യമാക്കിയില്ല. ഇതിന് പിന്നാലെ അധ്യാപിക ക്ലാസിലെത്തി പാഠഭാഗങ്ങൾ പഠിപ്പിച്ചു മടങ്ങി. അധ്യാപിക പോയ ശേഷം വിദ്യാർഥി വീണ്ടും തോക്ക് കറക്കി പ്രകടനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ആകെ മൂന്ന് തവണയാണ് തോക്കിൽ നിന്ന് വെടിപൊട്ടിയത്. ഇതിൽ ആദ്യത്തെ വെടിയുണ്ട തറയിലും രണ്ടാമത്തേത് അരികിലൂടെയും കടന്നുപോയി. മൂന്നാമത് ഉതിർന്ന വെടിയുണ്ടയാണ് സഹപാഠിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിൽ കൊണ്ടത്.

വിദ്യാർഥിയുടെ പിതാവ് നാല് വർഷമായി രോഗബാധിതനായിരുന്നതിനാൽ ചികിത്സാർത്ഥമുള്ള ഓട്ടത്തിലായിരുന്നു വീട്ടുകാർ. ഇതിനിടെ വീട്ടിൽ പിതാവിന്റെ കൈവശം തോക്കുണ്ടെന്ന് മനസ്സിലാക്കിയ കുട്ടി ഇക്കാര്യം നേരത്തെ തന്നെ കൂട്ടുകാരുമായി പങ്കുവെച്ചിരുന്നു. ഒക്ടോബർ ഏഴിന് പിതാവ് മരിച്ചതിന് ശേഷം വീട്ടിൽ നിന്ന് എങ്ങനെയോ തോക്ക് കൈവശപ്പെടുത്തിയ വിദ്യാർഥി, സുഹൃത്തുക്കളുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനായാണ് സ്‌കൂളിലേക്ക് കൊണ്ടുവന്നത്. ഈ തോക്ക് ആരാണ് നിർമ്മിച്ചതെന്നും അതിലെ വെടിയുണ്ടകൾ എവിടെ നിന്നാണ് ലഭിച്ചതെന്നും കണ്ടെത്താനുള്ള വിശദമായ അന്വേഷണത്തിലാണ് പൊലീസ്.

അതേസമയം, വെടിയേറ്റ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്ത വെടിയുണ്ട തൃത്താല പൊലീസ് ശേഖരിച്ചു. ഈ വെടിയുണ്ട സീൽ ചെയ്ത് പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ ശേഷം പരിശോധനയ്ക്കായി തൃശൂരിലെ ഫോറൻസിക് ലാബിലേക്ക് അയക്കും. പരിക്കേറ്റ കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) തുടരുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ മുറിയിലേക്ക് മാറ്റുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാത്രിയോ ശനിയാഴ്ചയോ കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും.

Also read: