അഭ്യൂഹങ്ങള്‍ തള്ളി: കേരള ബ്ലാസ്റ്റേഴ്‌സ് ഉടമസ്ഥാവകാശം വില്‍ക്കുമെന്ന് ഔദ്യോഗിക ചര്‍ച്ചയുമില്ലെന്ന് ആശിഷ് നെഗി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് വിൽക്കാൻ നീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ക്ലബ്ബിൻറെ 100% ഓഹരികളും വില്പനയ്ക്ക് വയ്ക്കുകയാണെന്നും, കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകൾ ക്ലബ്ബിൻറെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ മത്സര രംഗത്തുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒരു സ്വകാര്യ മലയാളം വാര്‍ത്താ ചാനല്‍ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം പൂർണമായും സ്വന്തമാക്കാനിരിക്കുകയാണെന്നുമുള്ള വാർത്തകളും ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഐഎസ്എല്ലില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പുതിയ പ്രചാരണങ്ങളും നടക്കുന്നത്.
എന്നാല്‍, ആ വാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ആശിഷ് നെഗി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ ഒരു വാസ്തവവുമില്ലെന്ന് നെഗി അറിയിച്ചു. ക്ലബ് വാങ്ങാനുള്ള താല്‍പര്യമറിയിച്ച് ഏതെങ്കിലും സംഘവുമായി ബ്ലാസ്റ്റേഴ്‌സ് ഉടമകള്‍ ഔദ്യോഗികതലത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും എക്‌സ് പോസ്റ്റില്‍ ആശിഷ് നെഗി വ്യക്തമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സ് വില്‍ക്കുന്നതായുള്ള പ്രചാരണങ്ങളില്‍ സ്ഥിരീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു യൂസറുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആന്ധ്ര കേന്ദ്രമായുള്ള മാഗ്നം സ്‌പോര്‍ട്‌സ് എന്ന കണ്‍സോര്‍ഷ്യം ആണ് നിലവില്‍ ബ്ലാസ്‌റ്റേഴ്സ് ഉടമകള്‍. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ പ്രമുഖരായ വ്യവസായി നിമ്മഗഡ്ഡ പ്രസാദ്, തെലുങ്ക് താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അര്‍ജുന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ് എന്നിവരാണ് കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളായുള്ളത്. പ്രോ കബഡി ലീഗ് ക്ലബായ ‘തമിള്‍ തലൈവാസും’ ഇതേ കണ്‍സോര്‍ഷ്യത്തിന്റെ ഉടമസ്ഥതയിലാണുള്ളത്.