യുപിഎസ്സി 301-ാം റാങ്കിൽ അവകാശവാദവുമായി രണ്ട് ‘ആകാൻക്ഷ’മാർ; അഡ്മിറ്റ് കാർഡിലെ ക്യുആർ കോഡ് കുടുക്കായി
പട്ന: യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ 301-ാം റാങ്കിനെച്ചൊല്ലി വിചിത്രമായ തർക്കം ഉടലെടുക്കുന്നു. ആകാൻക്ഷ സിംഗ് എന്ന പേരുള്ള രണ്ട് ഉദ്യോഗാർത്ഥികളാണ് ഒരേ റാങ്കിന് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിൽ ഒരാൾ മുൻ രൺവീർ സേന നേതാവ് ബ്രഹ്മേശ്വർ മുഖിയയുടെ ചെറുമകളും മറ്റൊരാൾ പട്ന എയിംസിലെ ഡോക്ടറുമാണ്.
0856794 എന്ന ഒരേ റോൾ നമ്പറാണ് രണ്ട് പേരും ഉന്നയിക്കുന്ന പ്രധാന അവകാശവാദം. ബ്രഹ്മേശ്വർ മുഖിയയുടെ ചെറുമകളായ ആകാൻക്ഷ സിംഗ് തന്റെ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തുവിടുകയും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഗാസിപൂർ സ്വദേശിനിയും ഡോക്ടറുമായ മറ്റൊരു ആകാൻക്ഷ സിംഗ് തന്റെ ഇന്റർവ്യൂ കോൾ ലെറ്റർ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്.
രേഖകളിലെ ക്യുആർ കോഡ് (QR Code) പരിശോധിച്ചപ്പോഴാണ് കൂടുതൽ വൈരുദ്ധ്യങ്ങൾ പുറത്തുവന്നത്. ഡോക്ടർ ആകാൻക്ഷയുടെ അഡ്മിറ്റ് കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ ഔദ്യോഗിക വിവരങ്ങൾ കൃത്യമായി ലഭിച്ചു. എന്നാൽ, ബ്രഹ്മേശ്വർ മുഖിയയുടെ ചെറുമകളുടേതെന്ന് അവകാശപ്പെടുന്ന കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്തപ്പോൾ മറ്റൊരു റോൾ നമ്പറാണ് കാണിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളുടെ നമ്പറിലും മാറ്റങ്ങളുണ്ട്. ഇതോടെ രേഖകളിൽ തിരിമറി നടന്നോ എന്ന സംശയം ശക്തമായിരിക്കുകയാണ്. യുപിഎസ്സി ഔദ്യോഗികമായി വിശദീകരണം നൽകിയാൽ മാത്രമേ റാങ്ക് വിവാദത്തിൽ വ്യക്തത വരികയുള്ളൂ.