സർപ്പകോപം കാട്ടി 5 കോടിയുടെ തട്ടിപ്പ്: ‘ബിസിനസ് വിജയിക്കാൻ ബെൻസും ഫാം ഹൗസും’ ആവശ്യപ്പെട്ടു; ‘ആൾദൈവം’ പിടിയിൽ
മുംബൈ: പാമ്പിന്റെ കോപമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയും മരണഭയം വിതച്ചും പൂനെ സ്വദേശിയായ വ്യവസായിയിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം അശോക് ഖരത് അറസ്റ്റിൽ. ബലാത്സംഗം, നരബലി ശ്രമം, പിടിച്ചുപറി, അന്ധവിശ്വാസ വിരുദ്ധ നിയമ ലംഘനം തുടങ്ങി ഗുരുതരമായ വകുപ്പുകളാണ് 67-കാരനായ ഖരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ കൂടിയായ ഖരത്, ‘അവതാർ പൂജ’ വഴി ബിസിനസ് വിജയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരനായ കെട്ടിട നിർമ്മാതാവിനെ വലയിലാക്കിയത്. ‘തത്ത്വചിന്തകന്റെ കല്ല്’ (പാരസ്) സ്വന്തമാക്കാൻ 21 രാജ്യങ്ങൾ സന്ദർശിക്കണമെന്ന് ഇയാൾ വ്യവസായിയെ വിശ്വസിപ്പിച്ചു. വ്യാജ പാമ്പിനെ കാട്ടി ഭീഷണിപ്പെടുത്തി വിദേശ യാത്രകളുടെ മുഴുവൻ ചെലവും പരാതിക്കാരനെക്കൊണ്ട് വഹിപ്പിക്കുകയായിരുന്നു. കൂടാതെ, പ്രതിക്ക് മെഴ്‌സിഡസ് ബെൻസ് വാങ്ങി നൽകാനും ഫാം ഹൗസ് നിർമ്മിച്ചു നൽകാനും വ്യവസായി നിർബന്ധിതനായി.
മറ്റൊരു സ്ത്രീ നൽകിയ ബലാത്സംഗ പരാതിയിലാണ് ഖരത്തിനെ പോലീസ് ആദ്യം പിടികൂടിയത്. പ്രതിയുടെ പക്കൽ നിന്ന് റിവോൾവറും വെടിയുണ്ടകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചതായും പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും മഹാരാഷ്ട്ര നിയമസഭയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. വൻതോതിലുള്ള കള്ളപ്പണ ഇടപാടുകളും ഇയാൾ നടത്തിയതായി സംശയിക്കുന്നു.