31/03/2026
[fontresizer_tawhidurrahmandear_widget]

ഐടി ചട്ട ഭേദഗതിയുടെ കരട് പുറത്ത്: യൂട്യൂബർമാർക്കും ഇൻഫ്ളുവൻസർമാർക്കും പണികിട്ടാൻ പോകുന്നത് ഇങ്ങനെ

 ഐടി ചട്ട ഭേദഗതിയുടെ കരട് പുറത്ത്: യൂട്യൂബർമാർക്കും ഇൻഫ്ളുവൻസർമാർക്കും പണികിട്ടാൻ പോകുന്നത് ഇങ്ങനെ

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ നിയമങ്ങൾ പരിഷ്കരിക്കുന്നു. ഐടി നിയമം 2021-ലെ പുതിയ ഭേദഗതി നിർദേശങ്ങൾ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) പുറത്തിറക്കി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, കണ്ടന്റ് ക്രിയേറ്റർമാർ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവർക്ക് കടുത്ത ഉത്തരവാദിത്തങ്ങൾ നൽകുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ഏപ്രിൽ 14 വരെ പൊതുജനങ്ങൾക്ക് ഈ കരട് നിയമങ്ങളിൽ അഭിപ്രായം അറിയിക്കാം.

എഐ ഉള്ളടക്കത്തിന് ലേബലിങ് നിർബന്ധം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ ഉപയോഗിച്ച് നിർമിക്കുന്ന ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണമാണ് സർക്കാർ ഏർപ്പെടുത്തുന്നത്. സിന്തറ്റിക് ഉള്ളടക്കം എന്ന് നിർവചിച്ചിരിക്കുന്ന ഇത്തരം ഇമേജുകൾ, വീഡിയോകൾ, ഓഡിയോകൾ എന്നിവ എഐ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമാക്കുന്ന ലേബലുകൾ ഉണ്ടായിരിക്കണം. യഥാർത്ഥ വ്യക്തികളെയോ സംഭവങ്ങളെയോ തെറ്റായി ചിത്രീകരിക്കുന്നത് തടയാൻ പ്ലാറ്റ്‌ഫോമുകൾ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കണം. ഒരിക്കൽ നൽകിയ ലേബലുകൾ മാറ്റാനോ തിരുത്താനോ സാധിക്കില്ലെന്നും കരട് വ്യക്തമാക്കുന്നു.

ഉള്ളടക്കം നീക്കം ചെയ്യാൻ മണിക്കൂറുകൾ മാത്രം

നിയമവിരുദ്ധമോ ദോഷകരമോ ആയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി വെട്ടിക്കുറച്ചു. വ്യക്തികളുടെ നഗ്നതയോ ആൾമാറാട്ടമോ ഉൾപ്പെടുന്ന പരാതികളിൽ രണ്ട് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ പരമാധികാരത്തെയോ പൊതു ക്രമത്തെയോ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ നിർദേശം ലഭിച്ചാൽ മൂന്ന് മണിക്കൂറിനുള്ളിൽ ഉള്ളടക്കം നീക്കം ചെയ്യണം. നീക്കം ചെയ്യുന്ന വിവരങ്ങൾ അന്വേഷണ ആവശ്യങ്ങൾക്കായി 180 ദിവസം വരെ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

വാർത്താ സ്രഷ്ടാക്കൾക്ക് പുതിയ ബാധ്യതകൾ

ഔദ്യോഗിക മാധ്യമങ്ങളല്ലാത്ത, എന്നാൽ വാർത്തകളും വിശകലനങ്ങളും സ്ഥിരമായി പങ്കുവെക്കുന്ന ഇൻഫ്ലുവൻസർമാരും ഇനി ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡിന്റെ പരിധിയിൽ വരും. ഇവർ പങ്കുവെക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് കണ്ടാൽ കർശന നടപടിയുണ്ടാകും. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം തുടങ്ങിയ നിലവിലുള്ള നിയമങ്ങൾ ലംഘിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇടുന്ന സ്രഷ്ടാക്കൾ വ്യക്തിപരമായ നിയമനടപടികൾ നേരിടേണ്ടി വരും.

പരാതി പരിഹാര സംവിധാനം

ഉപയോക്താക്കളുടെ പരാതികൾ 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കുകയും ഏഴ് ദിവസത്തിനകം പരിഹരിക്കുകയും വേണം. പ്ലാറ്റ്‌ഫോമുകൾ എടുക്കുന്ന തീരുമാനങ്ങളിൽ തൃപ്തരല്ലാത്തവർക്ക് സർക്കാർ രൂപീകരിക്കുന്ന അപ്പീൽ കമ്മിറ്റികളെ സമീപിക്കാം. “തുറന്നതും സുരക്ഷിതവുമായ ഇന്റർനെറ്റ്” ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഏപ്രിൽ 14-നകം താല്പര്യമുള്ളവർക്ക് വേർഡ് അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ ഇമെയിൽ വഴി അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

Also read: