അരനൂറ്റാണ്ടിൻ്റെ കാത്തിരിപ്പ്: ചന്ദ്രനിലേക്ക് പറന്നുയർന്ന് അവർ നാലുപേർ; ‘നാസ’യുടെ ചാന്ദ്രദൗത്യം ‘ആർട്ടെമിസ് 2’ വിജയകരമായി വിക്ഷേപിച്ചു
അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ മണ്ണിലേക്ക് മടങ്ങുന്ന ചരിത്രയാത്രയ്ക്ക് ആവേശകരമായ തുടക്കം. അരനൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിന് വിരാമമിട്ട്, നാസയുടെ ‘ആർട്ടെമിസ് 2’ ദൗത്യം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ എസ്.എൽ.എസ്, നാല് ബഹിരാകാശ സഞ്ചാരികൾ അടങ്ങിയ ‘ഓറിയോൺ’ പേടകത്തെയും വഹിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്നു.
നാല് അംഗങ്ങളടങ്ങുന്ന സംഘമാണ് ഈ ദൗത്യത്തിലുള്ളത്. വൈവിധ്യമാർന്ന പ്രാതിനിധ്യം കൊണ്ട് ഈ സംഘം ഇതിനകം തന്നെ ചരിത്രത്തിൽ ഇടംപിടിച്ചു കഴിഞ്ഞു. റീഡ് വൈസ്മാൻ ആണ് ദൗത്യത്തിന്റെ കമാൻഡർ. വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ കറുത്തവർഗക്കാരനായി. ചന്ദ്രനിലേക്ക് തിരിക്കുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ചും കാനഡയിൽനിന്നുള്ള ആദ്യ യാത്രികനായി ജെറമി ഹാൻസനും ദൗത്യത്തിൽ പങ്കുചേരുന്നുണ്ട്.
പത്ത് ദിവസം നീളുന്ന ദൗത്യം മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കില്ലെങ്കിലും, ചന്ദ്രനെ ഭ്രമണം ചെയ്ത് ഭൂമിയിലേക്ക് തിരിച്ചെത്തും. വരാനിരിക്കുന്ന ‘ആർട്ടെമിസ് 3’ ദൗത്യത്തിലൂടെ മനുഷ്യന് ചന്ദ്രനിൽ കാലുകുത്താൻ കഴിയുമോ എന്ന് നിർണയിക്കുന്ന സുപ്രധാന പരീക്ഷണമാണിത്. ഓറിയോൺ പേടകത്തിലെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളും ആശയവിനിമയ സംവിധാനങ്ങളും യാത്രയിൽ സൂക്ഷ്മമായി പരിശോധിക്കപ്പെടും.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് ഇത്രയും അടുത്തെത്തുന്നത്. ചന്ദ്രനിൽ ഒരു സ്ഥിരം ഗവേഷണ കേന്ദ്രം സജ്ജമാക്കാനും, അവിടെനിന്ന് ഭാവിയിൽ ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുമുള്ള നാസയുടെ ബൃഹത്തായ പദ്ധതിയുടെ ആദ്യ പടിയാണിത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ തത്സമയം വീക്ഷിച്ച വിക്ഷേപണം നിശ്ചയിച്ച പ്രകാരം തന്നെ നടന്നുവെന്നും പേടകം സുരക്ഷിതമായി ഭ്രമണപഥത്തിൽ എത്തിയെന്നും നാസ അധികൃതർ സ്ഥിരീകരിച്ചു.