13/04/2026
[fontresizer_tawhidurrahmandear_widget]

സ്വയം യേശുവായി ട്രംപ്; മാർപാപ്പയുമായുള്ള വാക്പോരിനിടെ എഐ ചിത്രവുമായി യുഎസ് പ്രസിഡന്റ്

 സ്വയം യേശുവായി ട്രംപ്; മാർപാപ്പയുമായുള്ള വാക്പോരിനിടെ എഐ ചിത്രവുമായി യുഎസ് പ്രസിഡന്റ്

വാഷിങ്‌ടൺ: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ മാർപാപ്പയുമായുള്ള പരസ്യമായ വാക്പോര് മുറുകുന്നതിനിടെ, സ്വയം യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന എഐ ചിത്രം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രോഗശാന്തി നൽകുന്ന യേശുവിന്റെ രൂപത്തിൽ തന്നെത്തന്നെ അവതരിപ്പിക്കുന്ന ചിത്രമാണ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ ചിത്രത്തിൽ സൈനികർ, യുദ്ധവിമാനങ്ങൾ, നഴ്സുമാർ എന്നിവർക്കൊപ്പം രോഗിയായ ഒരാളുടെ തലയിൽ കൈവെച്ച് അനുഗ്രഹം നൽകുന്ന രീതിയിലാണ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പ്രാർഥനയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാൻ മാർപാപ്പ ആഹ്വാനം ചെയ്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. മാർപാപ്പ രാഷ്ട്രീയക്കാരനാകാൻ ശ്രമിക്കാതെ സഭയുടെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് വിമർശിച്ചു. തന്നെ നേരിടാനാണ് അമേരിക്കക്കാരനായ ലിയോയെ സഭ മാർപാപ്പയായി തിരഞ്ഞെടുത്തതെന്നും, താൻ വൈറ്റ് ഹൗസിൽ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം വത്തിക്കാനിൽ ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. മാർപാപ്പയുടെ വിദേശനയം അങ്ങേയറ്റം മോശമാണെന്നും തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.

ട്രംപിന്റെ പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും കൃത്യമായ മറുപടിയുമായി വത്തിക്കാനും രംഗത്തെത്തിയിട്ടുണ്ട്. ലോകസമാധാനത്തിനായി താൻ ഇനിയും ശബ്ദമുയർത്തുമെന്നാണ് മാർപാപ്പ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് മതപരമായ വികാരങ്ങളെ സ്പർശിക്കുന്ന രീതിയിലുള്ള എഐ ചിത്രം ട്രംപ് പങ്കുവെച്ചത്. നേരത്തെ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന വേളയിലും പോപ്പിന്റെ വസ്ത്രം ധരിച്ചുകൊണ്ടുള്ള എഐ ചിത്രം ട്രംപ് പങ്കുവെച്ചിരുന്നു. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും ഇത്തരം ചിത്രങ്ങൾ വന്നത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

Also read: