28/04/2026
[fontresizer_tawhidurrahmandear_widget]

‘സെൽഫി വേണമെങ്കിൽ 100 രൂപ തരണം’! കുട്ടികളെ അമ്പരപ്പിച്ച് വൈഭവ് സൂര്യവംശി; സോഷ്യൽ മീഡിയയിൽ തരം​ഗമായി വീഡിയോ

 ‘സെൽഫി വേണമെങ്കിൽ 100 രൂപ തരണം’! കുട്ടികളെ അമ്പരപ്പിച്ച് വൈഭവ് സൂര്യവംശി; സോഷ്യൽ മീഡിയയിൽ തരം​ഗമായി വീഡിയോ

ജയ്പൂർ: ഐപിഎൽ 2026-ലെ ബാറ്റിംഗ് വിസ്മയമായി മാറിയ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി കളിക്കളത്തിന് പുറത്തും ആരാധകരുടെ മനം കവരുകയാണ്. സെൽഫിയെടുക്കാൻ എത്തിയ കൊച്ചു കുട്ടികളോട് വൈഭവ് തമാശരൂപേണ സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. തനിക്കൊപ്പം പടമെടുക്കണമെങ്കിൽ 100 രൂപ വീതം നൽകണമെന്ന് താരം തമാശയായി ആവശ്യപ്പെടുകയായിരുന്നു.

താരത്തിന്റെ ആവശ്യം കേട്ട് ആദ്യം ഒന്ന് പകച്ചെങ്കിലും, സ്നേഹത്തോടെ കുട്ടികൾ 200 രൂപ വച്ചുനീട്ടി. ഇതോടെ ചിരിച്ചുകൊണ്ട് താൻ തമാശ പറഞ്ഞതാണെന്ന് വെളിപ്പെടുത്തിയ വൈഭവ് കുട്ടികൾക്കൊപ്പം സെൽഫിയെടുത്തു. കുട്ടികൾക്ക് ഹസ്തദാനം നൽകി യാത്രയാക്കുന്ന ദൃശ്യങ്ങൾ രാജസ്ഥാൻ റോയൽസ് തന്നെയാണ് പുറത്തുവിട്ടത്. 15 വയസ്സുകാരനായ വൈഭവിന്റെ ലാളിത്യത്തെയും നർമ്മബോധത്തെയും പുകഴ്ത്തുകയാണ് ആരാധകർ.

സീസണിൽ ഉജ്ജ്വല ഫോമിലുള്ള വൈഭവ്, 357 റൺസുമായി റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്തുണ്ട്. പരിക്കേറ്റ സഞ്ജു സാംസണ് പകരക്കാരനായി ടീമിലെത്തി, ഇപ്പോൾ യശസ്വി ജയ്‌സ്വാളിനൊപ്പം രാജസ്ഥാന്റെ വിശ്വസ്തനായ ഓപ്പണറായി താരം മാറിക്കഴിഞ്ഞു. വിരാട് കോലിയും കെ.എൽ. രാഹുലും ഉൾപ്പെടെയുള്ള വമ്പൻമാരോടാണ് ഈ പതിനഞ്ചുകാരൻ ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്നത്. ചൊവ്വാഴ്ച കരുത്തരായ പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

Also read: