01/05/2026
[fontresizer_tawhidurrahmandear_widget]

‘ഇന്ത്യയെപ്പോലെയല്ല, പാകിസ്താനിൽ എണ്ണ 20 ദിവസത്തേക്ക് മാത്രം’; സാമ്പത്തിക സുസ്ഥിരതയിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാക് മന്ത്രി

 ‘ഇന്ത്യയെപ്പോലെയല്ല, പാകിസ്താനിൽ എണ്ണ 20 ദിവസത്തേക്ക് മാത്രം’; സാമ്പത്തിക സുസ്ഥിരതയിൽ ഇന്ത്യയെ പ്രകീർത്തിച്ച് പാക് മന്ത്രി

ഇസ്ലാമാബാദ്: കടുത്ത ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്താൻ്റെ വെല്ലുവിളികളെ ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയുമായി താരതമ്യം ചെയ്ത് പാകിസ്താൻ പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്. ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർധിച്ചപ്പോൾ, ഇന്ത്യയുടെ ശക്തമായ വിദേശനാണ്യ ശേഖരവും തന്ത്രപ്രധാനമായ എണ്ണശേഖരവുമാണ് ആ രാജ്യത്തെ തുണച്ചതെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.

ഒരു പ്രാദേശിക വാർത്താ ചാനലിനോട് സംസാരിക്കവെയാണ് മന്ത്രി ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വ്യത്യാസങ്ങൾ അക്കമിട്ടു നിരത്തിയത്. “ഇന്ത്യയ്ക്ക് 600 ബില്യൺ ഡോളറിൻ്റെ വിദേശനാണ്യ ശേഖരം മാത്രമല്ല ഉള്ളത്, അവർക്ക് ദീർഘകാലത്തേക്കുള്ള തന്ത്രപരമായ കരുതൽ ശേഖരവുമുണ്ട്. ആഗോള പ്രതിസന്ധി ഘട്ടങ്ങളിൽ ഇത് അവർക്ക് വലിയ കരുത്താണ്,” അദ്ദേഹം പറഞ്ഞു. ഐഎംഎഫ് (IMF) വായ്പാ പദ്ധതികളുടെ ഭാഗമല്ലാത്തതിനാൽ എണ്ണവില കൂടുമ്പോൾ നികുതി കുറച്ച് ജനങ്ങളെ സഹായിക്കാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ടെന്നും, പാകിസ്താൻ അത്തരം ഇളവുകൾക്കായി ഐഎംഎഫിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ പാകിസ്താൻ്റെ പക്കൽ അഞ്ച് മുതൽ ഏഴ് ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയും, എണ്ണക്കമ്പനികളുടെ പക്കൽ പരമാവധി 21 ദിവസത്തേക്കുള്ള ശുദ്ധീകരിച്ച ഇന്ധനവും മാത്രമേയുള്ളൂ എന്ന് മന്ത്രി വ്യക്തമാക്കി. എന്നാൽ ഇന്ത്യ ഏകദേശം രണ്ട് മാസത്തേക്കുള്ള കരുതൽ ശേഖരം കൈവശം വെക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എണ്ണവില ബാരലിന് 126 ഡോളർ വരെ ഉയർന്ന സാഹചര്യത്തിൽ പാകിസ്താൻ പെട്രോൾ വില ലിറ്ററിന് 378 രൂപയായി നിശ്ചയിച്ചിരിക്കുകയാണ്. ഐഎംഎഫുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ലെവി ലിറ്ററിന് 80 രൂപ കുറയ്ക്കാൻ പാകിസ്താന് സാധിച്ചതായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും വ്യക്തമാക്കിയിരുന്നു. ഇതിനു വിപരീതമായി, എക്സൈസ് ഡ്യൂട്ടി കുറച്ചും തന്ത്രപരമായ എണ്ണശേഖരം പ്രയോജനപ്പെടുത്തിയും ഇന്ത്യ തങ്ങളുടെ സമ്പദ് വ്യവസ്ഥയെ ആഗോള എണ്ണ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിച്ചു നിർത്തുകയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Also read: