‘റേപ് ഡ്രഗ് നൽകി ലൈംഗിക അടിമയാക്കി’; ജെപി മോർഗൻ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥയ്ക്കെതിരെ പീഡന പരാതിയുമായി ഇന്ത്യൻ വംശജൻ
വാഷിങ്ടൺ: പ്രമുഖ അമേരിക്കൻ ധനകാര്യ സ്ഥാപനമായ ജെ.പി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ലോർണ ഹജ്ദിനി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതര ആരോപണവുമായി സഹപ്രവർത്തകൻ രംഗത്ത്. ഇന്ത്യൻ വംശജനായ ചിരായു റാണയാണ് ന്യൂയോർക്ക് കോടതിയിൽ പരാതി നൽകിയത്. ‘ബ്രൗൺ ഇന്ത്യൻ ബോയ്’ എന്ന് വംശീയമായി അധിക്ഷേപിക്കുകയും കരിയർ നശിപ്പിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തി നിർബന്ധിപ്പിച്ച് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനു പുറമെ ‘ഡേറ്റ് റേപ് ഡ്രഗ്’ എന്നറിയപ്പെടുന്ന ‘റോഹിപ്നോൾ’ എന്ന മയക്കുമരുന്നടക്കം തന്ന് പീഡിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കി.
തനിക്ക് തീരെ താൽപര്യമില്ലാതിരുന്നു, പക്ഷെ മുതിർന്ന സഹപ്രവർത്തകയായതിനാൽ പ്രതികാര നടപടികളെ ഭയന്നാണ് ലൈംഗിക ചൂഷണത്തിന് വഴങ്ങിക്കൊടുത്തതെന്ന് പരാതിക്കാരൻ പറഞ്ഞു. ലോർണ ഹജ്ദിനി ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ താൻ എതിർപ്പ് പ്രകടിപ്പിക്കുന്നത് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മറ്റൊരാൾ കേട്ടിരുന്നതായും കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ ഈ കേസ് വലിയ വാർത്തയായതിന് പിന്നാലെ ചിരായു റാണയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് ലോർണ ഹജ്ദിനി രംഗത്തെത്തി. തനിക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അവർ വാദിച്ചു. മാധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത്തരം വ്യാജ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഈ വിഷയത്തിൽ ജെ.പി മോർഗൻ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ റാണയുടെ ആരോപണങ്ങൾ ശരിവെക്കുന്ന യാതൊരു തെളിവുകളും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ തന്റെ വാദങ്ങൾ തെളിയിക്കാനുള്ള യാതൊരു രേഖകളും നൽകാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ലോർണ ഹജ്ദിനി ഇയാളുടെ നേരിട്ടുള്ള മേലധികാരി അല്ലായിരുന്നുവെന്നും, റാണയുടെ കരിയറിനെ ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കാനോ പ്രമോഷൻ തടയാനോ അവർക്ക് ഔദ്യോഗികമായി അധികാരമില്ലായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ കേസ് കോടതിയുടെ പരിഗണനയിലാണ്.