04/06/2026
[fontresizer_tawhidurrahmandear_widget]

ദക്ഷിണ കൊറിയയില ബുദ്ധമത വിഭാഗമായ ജോഗി ഓർഡറിൽ ഇനി ‘റോബോട്ട്’ സന്യാസിയും

 ദക്ഷിണ കൊറിയയില ബുദ്ധമത വിഭാഗമായ ജോഗി ഓർഡറിൽ ഇനി ‘റോബോട്ട്’ സന്യാസിയും

സിയോൾ: ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ബുദ്ധമത വിഭാഗമായ ജോഗി ഓർഡർ, ഗാബി എന്ന് പേരുള്ള ഒരു ഹ്യൂമനോയിഡ് റോബോട്ടിന് ബുദ്ധമത ദീക്ഷ നൽകി ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മെയ് 24ന് നടക്കാനിരിക്കുന്ന ബുദ്ധപൂർണിമ ആഘോഷങ്ങൾക്ക് മുന്നോടിയായി സിയോളിലെ പ്രശസ്തമായ ജോഗി ക്ഷേത്രത്തിൽ വെച്ചായിരുന്നു ഈ അപൂർവ്വ ചടങ്ങുകൾ നടന്നത്.

ചൈനീസ് നിർമ്മിതമായ യൂണിട്രീ ജി വൺ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ചെടുത്ത 130 സെന്റീമീറ്റർ ഉയരമുള്ള ഈ റോബോട്ട്, പരമ്പരാഗത ബുദ്ധ സന്യാസിമാരുടെ വസ്ത്രം ധരിച്ചാണ് ചടങ്ങിൽ പങ്കെടുത്തത്. മൊട്ടയടിച്ച തലയ്ക്ക് സമാനമായ ഹെൽമറ്റും ധരിച്ചിരുന്ന ഗാബി, മുതിർന്ന സന്യാസിമാരെ വണങ്ങുകയും കൈകൾ കൂപ്പി പ്രാർത്ഥിക്കുകയും പ്രശസ്തമായ പഗോഡയ്ക്ക് ചുറ്റും വലംവെക്കുകയും ചെയ്തു. ചടങ്ങിനിടെ ബുദ്ധമതത്തോട് അചഞ്ചലമായ ഭക്തി പുലർത്തുമെന്ന് ഗാബി വാക്കുകളിലൂടെ പ്രതിജ്ഞ ചെയ്യുകയും ചെയ്തു.

റോബോട്ടിന്റെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ പരിഷ്‌കരിച്ച പ്രതിജ്ഞാവാചകങ്ങളാണ് ചടങ്ങിൽ ഉപയോഗിച്ചത്. ജീവജാലങ്ങളെ ഉപദ്രവിക്കരുത് എന്നതിനൊപ്പം തന്നെ മനുഷ്യരെ ബഹുമാനിക്കണമെന്നും ഊർജ്ജം ലാഭിക്കണമെന്നുമുള്ള പ്രത്യേക നിർദ്ദേശങ്ങൾ റോബോട്ടിന് നൽകി.

കരുണ എന്നർത്ഥം വരുന്ന കൊറിയൻ വാക്കിൽ നിന്നാണ് ഗാബി എന്ന പേര് ഈ റോബോട്ടിന് നൽകിയിരിക്കുന്നത്. പുതിയ തലമുറയെ ബുദ്ധമതത്തിലേക്ക് ആകർഷിക്കാനും ആധുനിക സാങ്കേതികവിദ്യയും ആത്മീയതയും തമ്മിലുള്ള പൊരുത്തം കാണിക്കാനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ജോഗി ഓർഡർ അധികൃതർ വ്യക്തമാക്കി. വരാനിരിക്കുന്ന വിളക്ക് ഉത്സവത്തിന്റെ ഘോഷയാത്രയിലും ഈ റോബോട്ട് സജീവമായി പങ്കെടുക്കും.

റോയിട്ടേഴ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഈ സംഭവം വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഒരു യന്ത്രത്തിന് എങ്ങനെയാണ് ആത്മീയമായ കാര്യങ്ങൾ ചെയ്യാൻ കഴിയുക എന്ന ചോദ്യവുമായി ചില പരമ്പരാഗത വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്. എങ്കിലും സാങ്കേതികവിദ്യയിൽ ലോകത്തിന് തന്നെ മാതൃകയായ ദക്ഷിണ കൊറിയയിൽ, മതവും യന്ത്രമനുഷ്യരും തമ്മിലുള്ള ഈ കൂടിച്ചേരലിനെ ഒരു വലിയ വിപ്ലവമായാണ് പലരും കാണുന്നത്. മനുഷ്യ സന്യാസിമാർക്ക് പകരക്കാരനാകാനല്ല, മറിച്ച് സാങ്കേതിക യുഗത്തിൽ ബുദ്ധമതത്തിന്റെ പ്രസക്തി വിളിച്ചോതാനാണ് ഗാബി എന്ന റോബോട്ടിനെ ഈ ചടങ്ങിലൂടെ അവതരിപ്പിച്ചത്.

Also read: