10/06/2026
[fontresizer_tawhidurrahmandear_widget]

‘ഇത്രയും വലിയ തുക കൊടുത്ത് ഞാനും ടിക്കറ്റെടുക്കില്ല’; ഫിഫ ലോകകപ്പ് ടിക്കറ്റ് നിരക്കിനെതിരെ ട്രംപ്

 ‘ഇത്രയും വലിയ തുക കൊടുത്ത് ഞാനും ടിക്കറ്റെടുക്കില്ല’; ഫിഫ ലോകകപ്പ് ടിക്കറ്റ് നിരക്കിനെതിരെ ട്രംപ്

വാഷിങ്ടൺ: 2026-ലെ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റ് നിരക്കുകൾക്കെതിരെ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ടീമിന്റെ ആദ്യ മത്സരത്തിന് ടിക്കറ്റ് നിരക്ക് 1,000 ഡോളറിലധികം (ഏകദേശം 84,000 രൂപ) കടന്നുവെന്ന വാർത്തയോട് പ്രതികരിക്കവെ, “സത്യം പറഞ്ഞാൽ ഇത്രയും വലിയ തുക ഞാനും നൽകില്ല” എന്ന് അദ്ദേഹം തുറന്നടിച്ചു. ഫിഫ നിശ്ചയിച്ചിരിക്കുന്ന അമിത നിരക്കിനെതിരെ ലോകമെമ്പാടുമുള്ള ആരാധകർക്കിടയിൽ പ്രതിഷേധം പുകയുന്നതിനിടെയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി അടുത്ത സൗഹൃദമുള്ള ട്രംപും വിമർശനവുമായി രംഗത്തെത്തിയത്.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ടിക്കറ്റ് നിരക്കുകളാണ് കുത്തനെ ഉയർന്നത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഫിഫ നിശ്ചയിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഇത് സാധാരണക്കാരായ ആരാധകർക്ക് കളി കാണാനുള്ള അവസരം നിഷേധിക്കുന്നതാണെന്ന് വിമർശിച്ചു.

ടിക്കറ്റ് നിരക്കുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് അദ്ദേഹം കത്തയച്ചു. ഫുട്ബോൾ എന്നത് ലോകത്തെമ്പാടുമുള്ള സാധാരണക്കാരുടെ വികാരമാണെന്നും അത് പണക്കാർക്ക് മാത്രം ആസ്വദിക്കാനുള്ള ഒന്നായി മാറരുതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങൾ നടക്കുന്ന വർഷത്തിൽ രാജ്യം ആതിഥേയത്വം വഹിക്കുന്ന ഈ കായിക മാമാങ്കം എല്ലാവർക്കും പ്രാപ്യമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ കരിയറിലെ വലിയ നേട്ടങ്ങളിലൊന്നായി ലോകകപ്പിനെ അമേരിക്കയിൽ എത്തിച്ചതിനെ കാണുന്ന ട്രംപ്, പക്ഷേ സാധാരണക്കാരായ ആളുകൾക്ക് കളി കാണാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നത് നിരാശാജനകമാണെന്ന് പറഞ്ഞു.

ക്വീൻസിലെയും ബ്രൂക്ലിനിലെയും സാധാരണക്കാർക്കും ട്രംപിനെ സ്നേഹിക്കുന്നവർക്കും സ്റ്റേഡിയത്തിൽ കയറാൻ കഴിയുന്നില്ലെങ്കിൽ അത് വലിയ പരാജയമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ റീസെയിൽ ടിക്കറ്റുകൾക്ക് 2 ദശലക്ഷം ഡോളർ വരെ ആവശ്യപ്പെടുന്നു എന്ന വാർത്തകളോടുള്ള വിയോജിപ്പും അദ്ദേഹം പ്രകടിപ്പിച്ചു.

എന്നാൽ ടിക്കറ്റ് നിരക്കുകളെ ന്യായീകരിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ രംഗത്തെത്തി. അമേരിക്കയിലെ വിനോദ വിപണിയുടെ സ്വഭാവമനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചതെന്നും അവിടെ ഒരു കോളേജ് കളി കാണാൻ പോലും 300 ഡോളർ നൽകേണ്ട അവസ്ഥയാണെന്നും അദ്ദേഹം വാദിച്ചു. ടിക്കറ്റുകൾ കുറഞ്ഞ നിരക്കിൽ വിറ്റാൽ അവ വലിയ ലാഭത്തിന് കരിഞ്ചന്തയിൽ മറിച്ചുവിൽക്കപ്പെടുമെന്നതിനാലാണ് വിപണി നിരക്കുകൾ തന്നെ സ്വീകരിക്കുന്നതെന്നും ഇൻഫാന്റിനോ പറഞ്ഞു.

ലോകകപ്പ് ഫൈനലിന് ആരെങ്കിലും 2 മില്യൺ ഡോളർ നൽകി ടിക്കറ്റ് എടുത്താൽ അവർക്ക് താൻ നേരിട്ട് ‘ഹോട്ട് ഡോഗും കോക്കും’ എത്തിച്ചുനൽകുമെന്ന് അദ്ദേഹം പരിഹാസരൂപേണ കൂട്ടിച്ചേർത്തു. ഫിഫയുടെ ഈ നിലപാടിനെതിരെ അമേരിക്കൻ ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് അപ്രാപ്യമായ രീതിയിൽ ടിക്കറ്റ് വില ഉയർത്തുന്നത് ഫുട്ബോൾ ആരാധകരോടുള്ള വഞ്ചനയാണെന്നാണ് വിവിധ ഫാൻ ഗ്രൂപ്പുകളുടെ നിലപാട്.

Also read: