420 കോടി രൂപ നഷ്‌ടപരിഹാരം നൽകി വംശീയ വിവേചന കേസ് ഒത്തുതീർപ്പാക്കാൻ ഗൂഗിൾ
വാഷിംഗ്ടൺ: കറുത്തവർഗക്കാരായ ജീവനക്കാർക്കെതിരെ വംശീയ വിവേചനം കാണിക്കുന്നുവെന്ന പരാതികൾ 50 മില്യൺ ഡോളർ (ഏകദേശം 420 കോടി രൂപ) നൽകി ഒത്തുതീർപ്പാക്കി ടെക് ഭീമനായ ഗൂഗിൾ. കാലിഫോർണിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ നിലവിലുള്ളതും മുൻകാലത്തുണ്ടായിരുന്നതുമായ ജീവനക്കാരെ ബാധിക്കുന്ന കേസുകളിലാണ് ഈ നിർണ്ണായക ഒത്തുതീർപ്പ്.
നിയമനം, ശമ്പളം, പ്രൊഫഷണൽ വളർച്ച എന്നിവയിൽ കമ്പനി വിവേചനം കാട്ടിയെന്നാരോപിച്ച് 2022-ൽ മുൻ ജീവനക്കാരിയായ ഏപ്രിൽ കേർലിയാണ് നിയമപോരാട്ടത്തിന് തുടക്കമിട്ടത്. ഓക്ക്‌ലാൻഡിലെ ഫെഡറൽ കോടതിയിൽ ഫയൽ ചെയ്ത ഈ കരാറിന് ഇനി കോടതിയുടെ അന്തിമ അംഗീകാരം ലഭിക്കണം.
ഉയർന്ന യോഗ്യതയുള്ള കറുത്തവർഗക്കാരെ താഴ്ന്ന തസ്തികകളിൽ നിയമിക്കുന്നുവെന്നും അവർക്ക് സഹപ്രവർത്തകരേക്കാൾ കുറഞ്ഞ വേതനം നൽകുന്നുവെന്നുമാണ് പ്രധാന പരാതി. കമ്പനിക്കുള്ളിലെ വംശീയ പ്രവണതകൾക്കെതിരെ ശബ്ദമുയർത്തിയതിനെത്തുടർന്ന് തന്നെ പുറത്താക്കിയതായും ഏപ്രിൽ കേർലി ആരോപിച്ചിരുന്നു. എന്നാൽ 50 മില്യൺ ഡോളർ നൽകാൻ സമ്മതിക്കുമ്പോഴും, തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് ഗൂഗിൾ. ദീർഘകാലം നീണ്ടുനിൽക്കുന്ന നിയമപോരാട്ടം ഒഴിവാക്കാനാണ് ഈ ഒത്തുതീർപ്പിന് തയ്യാറായതെന്ന് കമ്പനി വ്യക്തമാക്കി.
സാമ്പത്തിക നഷ്ടപരിഹാരത്തിന് പുറമെ, കമ്പനിയുടെ പ്രവർത്തന ശൈലിയിൽ കാതലായ മാറ്റങ്ങൾ വരുത്താനും ഗൂഗിൾ സമ്മതിച്ചിട്ടുണ്ട്. ശമ്പള കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുക, കൃത്യമായ ഇടവേളകളിൽ ശമ്പള തുല്യത പരിശോധിക്കുക, തൊഴിൽ തർക്ക പരിഹാരത്തിന് പുതിയ നടപടിക്രമങ്ങൾ നടപ്പിലാക്കുക എന്നിവയാണ് ഇതിൽ പ്രധാനം. സാങ്കേതിക മേഖലയിലെ വമ്പൻ കമ്പനികൾക്ക് തുല്യനീതി ഉറപ്പാക്കാൻ ഈ കേസ് വലിയൊരു മുന്നറിയിപ്പായേക്കുമെന്ന് പൗരാവകാശ അഭിഭാഷകർ അഭിപ്രായപ്പെട്ടു.