12/06/2026
[fontresizer_tawhidurrahmandear_widget]

വെനിസ്വേലയ്ക്കും ഇറാനും പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസ്; റൗൾ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം; രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിൽ

 വെനിസ്വേലയ്ക്കും ഇറാനും പിന്നാലെ ക്യൂബയെ ലക്ഷ്യമിട്ട് യു.എസ്; റൗൾ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം; രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിൽ

വാഷിങ്‌ടൺ: വെനിസ്വേലയ്ക്കും ഇറാനും പിന്നാലെ ലാറ്റിനമേരിക്കൻ കമ്മ്യൂണിസ്റ്റ് കരുത്തരായ ക്യൂബയെയും ലക്ഷ്യമിട്ട് അമേരിക്ക. മൂന്ന് പതിറ്റാണ്ട് മുൻപ് രണ്ട് അമേരിക്കൻ വിമാനങ്ങൾ വെടിവച്ചിട്ട കേസിൽ ക്യൂബയുടെ മുൻ പ്രസിഡന്റും വിപ്ലവ നായകനുമായ റൗൾ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ യു.എസ് നീതിന്യായ വകുപ്പ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.

യു.എസ്. ചാരസംഘടനയായ സി.ഐ.എ.യുടെ തലവൻ ജോൺ റാറ്റ്ക്ലിഫ് കഴിഞ്ഞ ദിവസം ക്യൂബയിലെത്തി ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്. അമേരിക്ക ഏർപ്പെടുത്തിയ എണ്ണ ഉപരോധം മൂലം രാജ്യം കടുത്ത സാമ്പത്തിക-ഇന്ധന പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ട്രംപ് ഭരണകൂടം പിടിമുറുക്കുന്നത്. ഇതിനിടെ, “ക്യൂബ ഉടൻ വിമോചിതമാകാൻ പോകുന്നു” എന്ന പ്രസ്താവനയുമായി ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ലോറ ലൂമറും രംഗത്തെത്തിയിട്ടുണ്ട്.

1996-ൽ ക്യൂബൻ വ്യോമസേന രണ്ട് യു.എസ്. വിമാനങ്ങൾ തകർത്ത സംഭവത്തിലാണ് ഇപ്പോൾ 94-കാരനായ റൗൾ കാസ്ട്രോയ്‌ക്കെതിരെ അമേരിക്ക നിയമനടപടികളിലേക്ക് നീങ്ങുന്നത്. അന്ന് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്ന റൗൾ കാസ്ട്രോയുടെ നിർദ്ദേശപ്രകാരമാണ് വിമാനങ്ങൾ വെടിവച്ചിട്ടതെന്നാണ് അമേരിക്കയുടെ വാദം. എന്നാൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനാലാണ് വിമാനങ്ങൾ തകർത്തതെന്ന നിലപാടിൽ ക്യൂബ ഉറച്ചുനിൽക്കുന്നു.

വരും ദിവസങ്ങളിൽ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുമെന്നാണ് യു.എസ് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ജനുവരിയിൽ വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോയെ സൈനിക റെയ്‌ഡിലൂടെ പിടികൂടിയതിന് പിന്നാലെ അടുത്തത് ക്യൂബയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ, നിലവിലെ നീക്കങ്ങൾ കാസ്ട്രോയെ തടവിലാക്കാനോ വധിക്കാനോ ഉള്ള യു.എസ്. സൈനിക അധിനിവേശത്തിന് മുന്നോടിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

യു.എസ്. ഉപരോധം ശക്തമായതോടെ ഇന്ധനം പൂർണ്ണമായും തീർന്നെന്നും രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ വൈദ്യുതി തടസ്സവും സാമ്പത്തിക തകർച്ചയും നേരിടുകയാണെന്നും ക്യൂബൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സി.ഐ.എ മേധാവി ജോൺ റാറ്റ്ക്ലിഫ് ക്യൂബയിലെത്തി അവിടുത്തെ രഹസ്യാന്വേഷണ തലവൻ റാമോൺ റൊമേറോ കുർബെലോയുമായി കൂടിക്കാഴ്ച നടത്തിയത്. ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാൻ ട്രംപ് നീക്കങ്ങൾ സജീവമാക്കുമ്പോഴും, നിലവിലെ സംഘർഷഭരിതമായ അന്തരീക്ഷം ലഘൂകരിക്കാനും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കാനുമാണ് സി.ഐ.എ. മേധാവിയുടെ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ക്യൂബൻ സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.

Also read: