‘റോഡുകൾ സമൂഹത്തിന്റേതാണ്, ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കാൻ യോഗിക്ക് അവകാശമില്ല;’മറ്റ് ആഘോഷങ്ങൾക്ക് ഇല്ലാത്ത എതിർപ്പ് 2 മിനിറ്റ് നമസ്കാരത്തിന് എന്തിന്?’; സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ
ലക്നൗ: പൊതുറോഡുകളിൽ നമസ്കാരം അനുവദിക്കില്ലെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ. രാജ്യത്തെ ഭരണഘടനയനുസരിച്ച് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെക്കാൻ മുഖ്യമന്ത്രിക്ക് യാതൊരു അവകാശവുമില്ലെന്ന് കൈരാനയിൽ നിന്നുള്ള ലോക്സഭാ അംഗമായ ഇക്ര ഹസൻ വ്യക്തമാക്കി. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അവർ.
രാജ്യത്തെ റോഡുകൾ ഏതെങ്കിലും ഒരു സർക്കാരിന്റെ സ്വന്തമല്ലെന്നും അവ മുഴുവൻ സമൂഹത്തിന്റേതാണെന്നും ഇക്ര ഹസൻ ഓർമ്മിപ്പിച്ചു. ഇന്ത്യയിൽ മറ്റ് പല മതസ്ഥരുടെയും ആഘോഷങ്ങൾ വലിയ രീതിയിൽ റോഡുകളിൽ വെച്ച് നടത്തപ്പെടാറുണ്ട്. അത്തരം ആഘോഷങ്ങൾ പൊതുവഴിയിൽ നടത്തുമ്പോൾ ആർക്കും ഒരു എതിർപ്പും ഉണ്ടാകാറില്ല. അങ്ങനെയിരിക്കെ വെറും രണ്ട് മിനിറ്റ് കൊണ്ട് അവസാനിക്കുന്ന നമസ്കാരത്തിന് നേരെ മാത്രം എന്തിനാണ് ഇത്രയധികം എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് അവർ ചോദിച്ചു.
റോഡുകളിൽ ഗതാഗതം തടസ്സപ്പെടുത്തിക്കൊണ്ട് നമസ്കാരം നടത്തുന്നത് അനുവദിക്കില്ലെന്നും, ആളുകൾക്ക് വേണമെങ്കിൽ സമയമനുസരിച്ച് പള്ളികളിൽ വെച്ച് നമസ്കരിക്കാമെന്നുമായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പ്രതിപക്ഷ നിരയിൽ നിന്നും ശക്തമായ പ്രതിഷേധവുമായി ഇക്ര ഹസൻ രംഗത്തെത്തിയത്. ഒരു പ്രത്യേക മതവിഭാഗത്തെ മനഃപൂർവ്വം വേട്ടയാടുന്ന ഇത്തരം നടപടികൾ ഭരണഘടനാ വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.