02/06/2026
[fontresizer_tawhidurrahmandear_widget]

‘അതൊക്കെ ഗ്രൗണ്ടിൽ തീർന്നു ബ്രോ..’; തർക്കത്തിനു പിന്നാലെ കെട്ടിപ്പിടിച്ചുള്ള ചിത്രം പങ്കുവെച്ച് സഞ്ജുവും ക്ലാസനും

 ‘അതൊക്കെ ഗ്രൗണ്ടിൽ തീർന്നു ബ്രോ..’; തർക്കത്തിനു പിന്നാലെ കെട്ടിപ്പിടിച്ചുള്ള ചിത്രം പങ്കുവെച്ച് സഞ്ജുവും ക്ലാസനും

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ ചൂടേറിയ തർക്കങ്ങളിൽ ഒടുവിൽ പ്രതികരണവുമായി സഞ്ജു സാംസണും ഹെൻറിച്ച് ക്ലാസനും. കളി നടക്കുമ്പോൾ മൈതാനത്ത് അത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ മത്സരശേഷം തങ്ങൾക്കിടയിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നും വ്യക്തമാക്കി ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചു.

മത്സരത്തിനിടെ മിന്നൽ സ്റ്റംപിങ്ങിലൂടെ ക്ലാസനെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിൽ മൈതാനത്ത് വെച്ച് വാഗ്വാദത്തിൽ ഏർപ്പെട്ടത്. വിക്കറ്റ് നഷ്ടമായതിന്റെ കടുത്ത നിരാശയിൽ ക്ലാസൻ സഞ്ജുവിനോട് തർക്കിക്കുന്നതിന്റെയും സഞ്ജു അതിനോട് ശക്തമായി പ്രതികരിക്കുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഏറെ ശാന്തനായി കാണപ്പെടാറുള്ള സഞ്ജു സാംസൺ ദേഷ്യപ്പെട്ടത് ആരാധകരെയും അത്ഭുതപ്പെടുത്തി.

എന്നാൽ ഹൈദരാബാദിന്റെ വിജയത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള എല്ലാ അസ്വാരസ്യങ്ങളും അവസാനിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. മത്സരത്തിന് ശേഷം സഞ്ജു സാംസണും ഹെൻറിച്ച് ക്ലാസനും പരസ്പരം കെട്ടിപ്പിടിക്കുകയും ചിരിച്ചുകൊണ്ട് സംസാരിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് സൺറൈസേഴ്സ് ഹൈദരാബാദും താരങ്ങളും ഒഫീഷ്യൽ പേജുകളിലൂടെ പുറത്തുവിട്ടത്. മൈതാനത്ത് സംഭവിക്കുന്ന കാര്യങ്ങൾ അവിടെത്തന്നെ അവസാനിക്കുമെന്നും തങ്ങൾക്കിടയിൽ വലിയ സൗഹൃദവും പരസ്പര ബഹുമാനവുമുണ്ടെന്നും താരങ്ങൾ വ്യക്തമാക്കി.

കളിയിലെ വികാരവിസ്ഫോടനങ്ങൾ മാത്രമായിരുന്നു അതെന്നും ക്രിക്കറ്റിൽ ഇതൊക്കെ സാധാരണമാണെന്നും ആരാധകരും കുറിച്ചു. ഈ മത്സരത്തിൽ ചെന്നൈ ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം ഇഷാൻ കിഷന്റെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിൽ ഹൈദരാബാദ് മറികടന്നിരുന്നു. വിജയത്തോടെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേഓഫിലേക്ക് യോഗ്യത നേടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേഓഫ് സാധ്യതകൾ കടുത്ത പ്രതിസന്ധിയിലായി.

Also read: