10/06/2026
[fontresizer_tawhidurrahmandear_widget]

‘സാധാരണ ആഭ്യന്തരമന്ത്രിക്കാണ് മന്ത്രിസഭയിൽ രണ്ടാം സ്ഥാനം, ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടിക്കാണ്..ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് ​ഗൗരവകരമാണ്’; വിവാദ പ്രസ്താവനയുമായി വി.മുരളീധരൻ എംഎൽഎ

 ‘സാധാരണ ആഭ്യന്തരമന്ത്രിക്കാണ് മന്ത്രിസഭയിൽ രണ്ടാം സ്ഥാനം, ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടിക്കാണ്..ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് ​ഗൗരവകരമാണ്’; വിവാദ പ്രസ്താവനയുമായി വി.മുരളീധരൻ എംഎൽഎ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ സ്ഥാനക്രമങ്ങളെയും വകുപ്പ് വിഭജനത്തിലെ കാലതാമസത്തെയും രൂക്ഷമായി വിമർശിച്ച് കഴക്കൂട്ടം ബി.ജെ.പി എം.എൽ.എ വി. മുരളീധരൻ. സാധാരണഗതിയിൽ എല്ലാ സർക്കാരുകളിലും മുഖ്യമന്ത്രി കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മന്ത്രിക്കാണ് മന്ത്രിസഭയിൽ രണ്ടാം സ്ഥാനം ലഭിക്കാറുള്ളത്. എന്നാൽ ഇവിടെ പി.കെ കുഞ്ഞാലിക്കുട്ടിക്കാണ് ആ സ്ഥാനം നൽകിയിരിക്കുന്നതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തെ സംബന്ധിച്ചിടത്തോളം കുഞ്ഞാലിക്കുട്ടിയേക്കാൾ മുൻപേ നിയമസഭയിലും മന്ത്രിസഭയിലും അംഗമായ നേതാവാണ് രമേശ് ചെന്നിത്തല. അങ്ങനെയുള്ള ഒരാളെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് നൽകുന്ന സന്ദേശം വളരെ ഗൗരവകരമാണെന്ന് മുരളീധരൻ ആരോപിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പ് വിഭജനം പൂർത്തിയാക്കാൻ ഏതാണ്ട് മൂന്ന് ദിവസമെടുത്ത നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു. മുൻകാലങ്ങളിലുള്ള കേരള സർക്കാരുകളൊന്നും ഇത്തരത്തിലുള്ള ഒരു ശൈലി ആയിരുന്നില്ല പിന്തുടർന്നിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയായിരുന്ന തനിക്ക് അവിടുത്തെ പ്രവർത്തന ശൈലി വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരം സത്യപ്രതിജ്ഞ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം രാവിലെ തന്നെ വകുപ്പ് വിഭജനം പൂർത്തിയാക്കുന്നതായിരുന്നു അന്നത്തെ സർക്കാരിന്റെ രീതിയെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Also read: