നാല് ലക്ഷം കൊടുത്താൽ എസ്.എസ്.സി പരീക്ഷ പാസാക്കിത്തരും; യു.പിയിൽ ഹൈടെക് കോപ്പിയടി സംഘം പിടിയിൽ
കാൻപൂർ: ഉദ്യോഗാർഥികളിൽ നിന്ന് നാല് ലക്ഷം രൂപ വീതം ഈടാക്കി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) പരീക്ഷകളിൽ വിജയം ഉറപ്പുനൽകിയ വൻ തട്ടിപ്പ് സംഘം ഉത്തർപ്രദേശിൽ പിടിയിലായി. ഗ്രേറ്റർ നോയിഡയിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ യു.പി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) നടത്തിയ മിന്നൽ പരിശോധനയിലാണ് മുഖ്യസൂത്രധാരൻ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 50 ലക്ഷത്തോളം രൂപയും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പരീക്ഷയുമായി ബന്ധപ്പെട്ട മറ്റ് നിർണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സി.എ.പി.എഫ്), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (എസ്.എസ്.എഫ്) കോൺസ്റ്റബിൾ, അസം റൈഫിൾസ് റൈഫിൾമാൻ – 2026 എന്നീ തസ്തികകളിലേക്കുള്ള ഓൺലൈൻ റിക്രൂട്ട്മെൻ്റ് പരീക്ഷകളിലാണ് ഈ സംഘം പ്രധാനമായും ക്രമക്കേട് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയായിരുന്നു ഇവരുടെ തട്ടിപ്പ്. എസ്.എസ്.സി വെബ്സൈറ്റോ പരീക്ഷാ സംവിധാനമോ നേരിട്ട് ഹാക്ക് ചെയ്യുന്നതിന് പകരം പരീക്ഷാ കേന്ദ്രത്തിലെ സെർവർ മറികടന്ന് സ്വന്തമായി ഒരു ‘പ്രോക്സി സെർവർ’ സ്ഥാപിക്കുകയായിരുന്നു സംഘം ചെയ്തത്. തുടർന്ന് സ്ക്രീൻ ഷെയറിങ് ആപ്പുകൾ വഴി ചോദ്യപേപ്പറുകൾ കേന്ദ്രത്തിന് പുറത്തുള്ളവർക്ക് ചോർത്തി നൽകുകയും, അവർ കണ്ടെത്തുന്ന ശരിയായ ഉത്തരങ്ങൾ പരീക്ഷാ ഹാളിലുള്ള ഉദ്യോഗാർഥികൾക്ക് തത്സമയം എത്തിച്ചു നൽകുകയുമായിരുന്നു. വളരെ കാലമായി ഈ സംഘം സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എസ്.എസ്.സി ഓൺലൈൻ പരീക്ഷകളിൽ വ്യാപകമായി ക്രമക്കേട് നടക്കുന്നതായി എസ്.ടി.എഫിന് നേരത്തെ തന്നെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്രേറ്റർ നോയിഡ നോളജ് പാർക്ക് മേഖലയിലെ “ബാലാജി ഡിജിറ്റൽ സോൺ” എന്ന പരീക്ഷാ കേന്ദ്രത്തിൽ മെയ് 22-ന് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയായിരുന്നു. പ്രദീപ് ചൗഹാൻ, അരുൺ കുമാർ, സന്ദീപ് ഭാട്ടി, നിഷാന്ത് രാഘവ്, അമിത് റാണ, ഷാക്കിർ മാലിക്, വിവേക് കുമാർ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.