‘പാറ്റകൾ ജനിക്കുന്നത് ജീർണ്ണതയിൽ നിന്ന്, മനോഹരമായതിനെയെല്ലാം അവ നശിപ്പിക്കും; അവയെ കൊല്ലാൻ രാജ്യത്ത് HIT ഉണ്ട്’; പരോക്ഷ വിമർശനവുമായി കവി കുമാർ വിശ്വാസ്
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ‘കൊക്രോച്ച്’ പരാമർശങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുന്നതിനിടെ, വിഷയത്തിൽ പരോക്ഷ വിമർശനവുമായി പ്രമുഖ കവിയും പ്രഭാഷകനുമായ കുമാർ വിശ്വാസ്. രാജ്യത്ത് പാറ്റകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവയെ ഇല്ലാതാക്കാനുള്ള ‘ഹിറ്റും’ (HIT – കീടനാശിനി) ഇവിടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കൊക്രോച്ച് ജനതാ പാർട്ടിക്കെതിരെ വിമർശനം ഉന്നയിച്ചത്.
കുമാർ വിശ്വാസിന്റെ വാക്കുകൾ:
“പാറ്റകൾ എപ്പോഴും ഇരുട്ടിലാണ് ജീവിക്കുന്നതെന്നും, അവ കൂട്ടംകൂടിയാണ് കഴിയുന്നതെന്നും എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. മനോഹരമായ എല്ലാത്തിനെയും പാറ്റകൾ ആക്രമിക്കും. നിലവിലുള്ള വ്യവസ്ഥിതികളെ അവ നശിപ്പിക്കുന്നു. ജീർണ്ണതയിൽ നിന്നാണ് പാറ്റകൾ ജനിക്കുന്നത്.
പാറ്റകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ രാജ്യത്ത് അതിനുള്ള ‘ഹിറ്റും’ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നിരവധി ഹിറ്റുകൾ ഇപ്പോൾ ഉണർന്നിട്ടുണ്ട്. ബംഗാളിലായാലും ഹിറ്റ് അതിന്റെ പ്രവർത്തനം തുടരുകയാണ്. പാറ്റകൾക്കുള്ള കൃത്യമായ ചികിത്സ നൽകിയിരിക്കും.”
അടുത്തിടെ ഇന്റർനെറ്റിൽ ‘കൊക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ഒരു ഡിജിറ്റൽ ക്യാമ്പയിൻ വലിയ തോതിൽ ട്രെൻഡിങ് ആയിരുന്നു. ഭരണകൂടങ്ങളെയും രാഷ്ട്രീയ വ്യവസ്ഥിതികളെയും ചോദ്യം ചെയ്യുന്ന ഇത്തരം ക്യാമ്പയിനുകൾക്കിടെയാണ്, പേരെടുത്ത് പറയാതെയുള്ള കുമാർ വിശ്വാസിന്റെ ഈ പുതിയ പ്രസ്താവന. പാറ്റകളെ ഇല്ലാതാക്കാൻ ഹിറ്റ് ഉപയോഗിക്കുന്നതുപോലെ, ഇത്തരം നീക്കങ്ങളെ നേരിടാൻ സംവിധാനങ്ങളുണ്ടെന്ന മുന്നറിയിപ്പാണ് അദ്ദേഹം ഇതിലൂടെ നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.