ഇന്ധന വില വീണ്ടും കൂട്ടി; രണ്ടാഴ്‌ചക്കിടെ വർധിപ്പിച്ചത് നാലുതവണ
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റിച്ചുകൊണ്ട് ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി വില ഉയർന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികൾ തുടർച്ചയായി വില കൂട്ടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മാത്രം എട്ട് രൂപയോളമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്.
ഡീസൽ വിലയിലുണ്ടാകുന്ന തുടർച്ചയായ വർധനവ് രാജ്യത്തെ ചരക്കുകടത്ത് ചെലവ് വൻതോതിൽ ഉയർത്തും. ഇത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കും. പച്ചക്കറി, പാൽ, പഴങ്ങൾ, പലവ്യഞ്ജനങ്ങൾ തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വരും ദിവസങ്ങളിൽ വില കൂടിയേക്കാം. ഇതിനുപുറമെ കെട്ടിട നിർമ്മാണ സാമഗ്രികൾക്കും മറ്റു വ്യാവസായിക ഉൽപന്നങ്ങൾക്കും വില വർധിക്കാൻ ഇത് കാരണമാകും.
ഇന്ധനവില വർധനവിലൂടെ ഉണ്ടാകുന്ന വിപണിയിലെ വിലക്കയറ്റം രാജ്യത്തെ പണപ്പെരുപ്പം അതിരൂക്ഷമാക്കും. ഈ സാഹചര്യം നേരിടാനും പണപ്പെരുപ്പം നിയന്ത്രിക്കാനുമായി റിസർവ് ബാങ്കിന് പലിശ നിരക്കുകൾ ഉയർത്തേണ്ടി വരും. വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതുൾപ്പെടെയുള്ള ഇത്തരം നടപടികൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെത്തന്നെ വലിയ രീതിയിൽ ദോഷകരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.