02/06/2026
[fontresizer_tawhidurrahmandear_widget]

കാത്തിരിപ്പിന് വിരാമം; ഇനി കളി ‘സീ’യിൽ കാണാം; ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റിന്

 കാത്തിരിപ്പിന് വിരാമം; ഇനി കളി ‘സീ’യിൽ കാണാം; ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം സീ എന്റർടൈൻമെന്റിന്

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങൾ നീണ്ട ആശങ്കകൾക്കും കാത്തിരിപ്പിനും വിരാമമാകുന്നു. വരാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഇന്ത്യയിലെ തത്സമയ സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് സ്വന്തമാക്കി. ഫിഫയുമായി എട്ട് വർഷത്തെ ചരിത്രപരമായ കരാറിലാണ് സീ ഗ്രൂപ്പ് ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ 2026 മുതൽ 2034 വരെയുള്ള കാലയളവിലെ ലോകകപ്പുകൾ ഉൾപ്പെടെയുള്ള പ്രധാന ഫിഫ ടൂർണമെന്റുകൾ സീ നെറ്റ്‌വർക്കിലൂടെ ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തും.

ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് കൊടിയേറാൻ വെറും പത്ത് ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ വമ്പൻ പ്രഖ്യാപനം വരുന്നത്. സീ ഗ്രൂപ്പിന്റെ കീഴിൽ പുതുതായി ആരംഭിച്ച കായിക ചാനൽ ശൃംഖലയായ ‘യുണൈറ്റ്8 സ്പോർട്സ്’ (Unite8 Sports) വഴിയാകും മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുക. യുണൈറ്റ്8 സ്പോർട്സ് 1, യുണൈറ്റ്8 സ്പോർട്സ് 1 എച്ച്ഡി, യുണൈറ്റ്8 സ്പോർട്സ് 2, യുണൈറ്റ്8 സ്പോർട്സ് 2 എച്ച്ഡി എന്നീ ചാനലുകളിൽ ആരാധകർക്ക് ഇനി കളി കാണാം.

ലോകകപ്പിന്റെ സംപ്രേഷണാവകാശം സംബന്ധിച്ച് ഇന്ത്യയിൽ വലിയ അനിശ്ചിതത്വമാണ് നിലനിന്നിരുന്നത്. ഇത്രയും വലിയ വിപണിയായിട്ടും ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ കണ്ടെത്താനാകാതെ ഫിഫ പ്രതിസന്ധിയിലായിരുന്നു. ആദ്യം 100 മില്യൺ ഡോളർ ആവശ്യപ്പെട്ട ഫിഫ പിന്നീട് അത് 60 മില്യൺ ഡോളറായി കുറച്ചിരുന്നു. മുൻപ് 2022 ലോകകപ്പ് സംപ്രേഷണം ചെയ്ത ജിയോസ്റ്റാർ 20 മില്യൺ ഡോളറിന്റെ ഓഫർ നൽകിയെങ്കിലും ഫിഫ അത് നിരസിച്ചു. തുടർന്നാണ് ഏകദേശം 35 ദശലക്ഷം ഡോളർ (ഏകദേശം 290 കോടി രൂപ) മുടക്കി സീ ഗ്രൂപ്പ് ഈ വമ്പൻ അവകാശം നേടിയെടുത്തത്. ഈ പുതിയ കരാർ പ്രകാരം 2034 വരെ ഫിഫ നടത്തുന്ന 39 ഓളം പ്രധാന ടൂർണമെന്റുകൾ സീ സംപ്രേഷണം ചെയ്യും.

ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ടൂർണമെന്റിനാണ് ഇത്തവണ അരങ്ങൊരുങ്ങുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിൽ ആകെ 104 മത്സരങ്ങളുണ്ടാകും. ജൂൺ 11-നാണ് പന്തുരുളാൻ തുടങ്ങുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നതിനാൽ ഇന്ത്യൻ സമയപ്രകാരം അർദ്ധരാത്രിക്ക് ശേഷവും പുലർച്ചെയുമായാണ് ഇത്തവണ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.

Also read: