‘നിങ്ങൾ പാറ്റകളല്ല, രാഷ്ട്രീയമായി രംഗത്തിറങ്ങണം, നിങ്ങൾക്കതിനാവും’ – ജെൻ സികളോട് ശശി തരൂർ
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലായ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) എന്ന ഓൺലൈൻ പ്രസ്ഥാനത്തിന് പിന്നിലുള്ള യുവാക്കൾ തങ്ങളുടെ പ്രതിഷേധം ജനാധിപത്യപരമായ മാർഗങ്ങളിലൂടെ പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. വ്യവസ്ഥിതിക്ക് പുറത്തുനിന്ന് പ്രതിഷേധിക്കുന്നതിനേക്കാൾ, അതിനുള്ളിൽ ഇറങ്ങി പ്രവർത്തിക്കുമ്പോഴാണ് ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്ത്യൻ എക്സ്പ്രസിൽ ജെൻ സി തലമുറയെ അഭിസംബോധന ചെയ്ത് എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
അഭിജീത് ദിപ്കെ രൂപം നൽകിയ സി.ജെ.പി എന്ന പരിഹാസ രൂപേണയുള്ള ഓൺലൈൻ പ്രസ്ഥാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയോടും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളോടും യുവാക്കൾക്കുള്ള കടുത്ത നിരാശയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് തരൂർ ചൂണ്ടിക്കാട്ടി. ചോദ്യപ്പേപ്പർ ചോർച്ചയും ഭരണപരമായ പരാജയങ്ങളും വിദ്യാർത്ഥികളുടെ ഭാവിയോടും കഠിനാധ്വാനത്തോടുമുള്ള വലിയ വഞ്ചനയാണെന്നും, യുവാക്കളുടെ ഈ നിരാശയ്ക്ക് ന്യായമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം ലേഖനത്തിൽ സമ്മതിക്കുന്നുണ്ട്.
എന്നാൽ ഓൺലൈനിൽ മാത്രം ഒതുങ്ങുന്ന പ്രതിഷേധങ്ങൾ ഒന്നിനും ശാശ്വത പരിഹാരമാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇൻസ്റ്റഗ്രാം ഒരു കവല മാത്രമാണെന്നും അതൊരിക്കലും ഒരു വോട്ടുപെട്ടിയല്ലെന്നും യുവാക്കൾ തിരിച്ചറിയണം. കേവലം ശബ്ദമുണ്ടാക്കുന്നതിന് പകരം നിലവിലുള്ള നിയമ-ജനാധിപത്യ മാർഗങ്ങളിലൂടെ ജനപ്രതിനിധികളോട് ഉത്തരവാദിത്വം ആവശ്യപ്പെടാൻ യുവാക്കൾ തയ്യാറാകണം. വിവരാവകാശ നിയമം (ആർ.ടി.ഐ) വഴി കൂടുതൽ സുതാര്യത ആവശ്യപ്പെടുകയും, വിദ്യാർത്ഥി-നിയമ സംഘടനകളുമായി ചേർന്ന് ജനകീയ വിഷയങ്ങൾ മികച്ച പോരാട്ടങ്ങളാക്കി മാറ്റുകയും വേണം. നിങ്ങളെക്കൊണ്ട് ജനപ്രതിനിധികളെ ഉത്തരം പറയിപ്പിക്കാൻ സാധിക്കുമെന്ന് ഒരു എം.പി എന്ന നിലയിൽ താൻ ഉറപ്പുനൽകുകയാണെന്നും അദ്ദേഹം കുറിച്ചു.
രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കാൻ ആവശ്യമായ അംഗബലവും ഡിജിറ്റൽ പരിജ്ഞാനവും ഇന്നത്തെ യുവതലമുറയ്ക്കുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഈ ദേഷ്യം വെറും ഉദാസീനതയായി കെട്ടടങ്ങാൻ അനുവദിക്കരുത്. നിങ്ങളെ പാറ്റകളെപ്പോലെ പരിഗണിക്കാൻ ആരെയും അനുവദിക്കരുതെന്നും, ആ ലേബൽ നിങ്ങൾ സ്ഥിരമായി ഏറ്റെടുക്കേണ്ടതില്ലെന്നും തരൂർ ഓർമ്മിപ്പിച്ചു. രാജ്യത്ത് ദീർഘകാല മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി ദൈനംദിന രാഷ്ട്രീയ, ജനാധിപത്യ പ്രക്രിയകളിൽ യുവാക്കൾ നിർബന്ധമായും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.