ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചതിൽ പ്രതിഷേധം; സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചയച്ച് ലാലു പ്രസാദും റാബ്റി ദേവിയും;വടികളുമായി വസതിക്ക് കാവലൊരുക്കി ആർ.ജെ.ഡി പ്രവർത്തകർ
പട്ന: ബിഹാർ മുൻ മുഖ്യമന്ത്രിമാരും ആർ.ജെ.ഡി നേതാക്കളുമായ ലാലു പ്രസാദ് യാദവിൻ്റെയും ഭാര്യ റാബ്റി ദേവിയുടെയും ഉന്നതതല സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി സംസ്ഥാന സർക്കാർ പിൻവലിച്ചതിന് പിന്നാലെ ബിഹാറിൽ വൻ രാഷ്ട്രീയ നാടകീയത. തങ്ങളുടെ പ്രിയ നേതാക്കളുടെ സുരക്ഷ സർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കയ്യിൽ വടികളുമായി ആർ.ജെ.ഡി പ്രവർത്തകർ പട്നയിലെ 10 സർക്കുലർ റോഡിലുള്ള ഔദ്യോഗിക വസതിക്ക് മുന്നിൽ തടിച്ചുകൂടിയതും കാവൽ നിൽക്കാൻ ആരംഭിക്കുകയും ചെയ്തു.
വി.ഐ.പി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് ലാലുവിൻ്റെയും റാബ്റിയുടെയും സുരക്ഷ വെട്ടിക്കുറയ്ക്കാൻ സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച്, തങ്ങൾക്ക് പുതുതായി സർക്കാർ അനുവദിച്ച കുറഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരെ മുഴുവൻ ഇരുവരും വസതിയിൽ നിന്നും തിരിച്ചയച്ചിരുന്നു. ഈ നീക്കത്തിന് പിന്നാലെ, പ്രതിപക്ഷ നേതാവും ഇളയ മകനുമായ തേജസ്വി യാദവും മാതാപിതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് തൻ്റെ വൈ-പ്ലസ് സുരക്ഷാ ഉദ്യോഗസ്ഥരെ മുഴുവൻ തിരിച്ചയച്ചതോടെ വസതിയുടെ സുരക്ഷ പ്രവർത്തകർ കയ്യിലെടുക്കുകയായിരുന്നു.
ലാലുവിനും റാബ്റിക്കും നേരത്തെയുണ്ടായിരുന്ന ഇസഡ് പ്ലസ് കാറ്റഗറി പ്രകാരം സി.ആർ.പി.എഫ് കമാൻഡോകൾ ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷയാണ് ലഭിച്ചിരുന്നത്. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഇതിന് പകരമായി ബിഹാർ സ്പെഷ്യൽ ആംഡ് പോലീസിൻ്റെ സുരക്ഷയും ചുരുക്കം ചില അംഗരക്ഷകരെയും മാത്രമാണ് അനുവദിച്ചിരുന്നത്. സുരക്ഷ വെട്ടിക്കുറച്ചതിന് ശേഷം പേരിന് മാത്രമുള്ള ഈ കാവൽ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റാബ്റി ദേവി മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരെയും തിരിച്ചയക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന് പുറമെ ലാലുവിൻ്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിൻ്റെ വൈ-കാറ്റഗറി സുരക്ഷ പൂർണ്ണമായും പിൻവലിച്ച് ഒരു അംഗരക്ഷകനെ മാത്രമായി ചുരുക്കിയിട്ടുണ്ട്. എന്നാൽ ലാലുവിൻ്റെ മകളായ മിസ ഭാരതിയുടെ സുരക്ഷ എം.പിമാർക്ക് നൽകുന്ന സാധാരണ സുരക്ഷയാക്കി നിലനിർത്തുകയും, തേജസ്വിയുടെ ഭാര്യ രാജ്ശ്രീയുടെ സുരക്ഷയിൽ മാറ്റം വരുത്താതിരിക്കുകയും ചെയ്തിട്ടുണ്ട്.
ബിഹാറിലെ എൻ.ഡി.എ സർക്കാരിൻ്റെ ഈ പുതിയ നീക്കത്തിനെതിരെ ആർ.ജെ.ഡി നേതാക്കൾ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ലാലുവിനെയും റാബ്റിയെയും ശാരീരികമായി അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്ന് മകൾ രോഹിണി ആചാര്യ ആരോപിച്ചു. കോടിക്കണക്കിന് വരുന്ന ബിഹാർ ജനതയും തങ്ങളുടെ പാർട്ടി പ്രവർത്തകരുമാണ് യഥാർത്ഥ സുരക്ഷാ കവചമെന്നും, ജനങ്ങളാണ് ഇനി സുരക്ഷയൊരുക്കുകയെന്നും ആർ.ജെ.ഡി വക്താവ് പ്രതികരിച്ചു. ഇതിന് തെളിവെന്നോണമാണ് വടികളുമായി വസതിക്ക് മുന്നിൽ പ്രവർത്തകർ കാവൽ നിൽക്കുന്നത്.
സുരക്ഷ വെട്ടിക്കുറച്ചതിന് പുറമെ, വർഷങ്ങളായി ലാലു കുടുംബം താമസിക്കുന്ന 10 സർക്കുലർ റോഡിലെ ഔദ്യോഗിക വസതി ഒഴിയണമെന്നും സർക്കാർ അടുത്തിടെ റാബ്റി ദേവിക്ക് നോട്ടീസ് നൽകിയിരുന്നു. ജൂൺ 15-നകം ഇവിടെ നിന്നും മാറി ഹാർഡിങ് റോഡിലെ മറ്റൊരു വസതിയിലേക്ക് മാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ലാലു കുടുംബത്തെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാരിൻ്റെ ഇത്തരം നീക്കങ്ങളും അതിനെതിരെയുള്ള പ്രവർത്തകരുടെ വടികളേന്തിയുള്ള കാവലും ബിഹാറിൽ കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് വഴിതുറന്നിരിക്കുന്നത്.