‘മത്സര ദിവസം മാത്രം വരുക, കളിക്കുക, തിരിച്ചുപോകുക’!; ലോകകപ്പിനെത്തുന്ന ഇറാൻ ഫുട്ബോൾ ടീമിന് അമേരിക്കയുടെ കർശന നിയന്ത്രണങ്ങൾ
വാഷിങ്ടൺ: അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ഫുട്ബോൾ ടീമിന് അമേരിക്കയുടെ കർശന യാത്രാവിലക്കുകൾ. അമേരിക്കയിൽ നടക്കുന്ന മത്സരങ്ങൾക്കായി ഇറാൻ ടീമിനും പരിശീലകർക്കും മത്സരദിവസം മാത്രമേ രാജ്യത്ത് പ്രവേശിക്കാൻ അനുമതിയുള്ളൂ. മത്സരം കഴിഞ്ഞാൽ ഉടനടി അവർ അമേരിക്ക വിടണമെന്നും മെക്സിക്കോയിലെ ഇറാൻ അംബാസഡറായ അബുൽഫസൽ പസന്ദിദേ വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള കടുത്ത രാഷ്ട്രീയ ഭിന്നതകളാണ് ഈ അസാധാരണ നടപടിക്ക് പിന്നിൽ. അമേരിക്കയിലെ അരിസോണയിലായിരുന്നു ഇറാൻ ടീമിന്റെ പരിശീലന ക്യാമ്പ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ യാത്രാവിലക്കുകളുടെ പശ്ചാത്തലത്തിൽ ടീം ഇനി മെക്സിക്കോയിലായിരിക്കും ക്യാമ്പ് ചെയ്യുക. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ മത്സരങ്ങൾ അമേരിക്കയിൽ നിന്ന് മാറ്റണമെന്ന് ഇറാൻ ഫിഫയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിഫ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു. യാത്രാവിലക്കുമായി ബന്ധപ്പെട്ട് അമേരിക്കൻ അധികൃതരോ ഫിഫയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പുതിയ നിയന്ത്രണങ്ങൾ ഇറാൻ താരങ്ങൾക്ക് വലിയ തിരിച്ചടിയാകും. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ ടീമുകൾ ദിവസങ്ങൾക്ക് മുമ്പേ വേദിയിലെത്തി പരിശീലനം നടത്തുകയും അവിടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയും ചെയ്യുന്നതാണ് പതിവ്. എന്നാൽ, മത്സരദിവസം മാത്രം വിമാനത്തിൽ ദീർഘദൂരം യാത്ര ചെയ്ത് കളത്തിലിറങ്ങേണ്ടി വരുന്നത് കളിക്കാരുടെ പ്രകടനത്തെ കാര്യമായി ബാധിച്ചേക്കാം. കളിക്കാർക്കും പരിശീലകർക്കും ഫിറ്റ്‌നസ് ട്രെയിനർമാർക്കും വളരെ കർശനമായ വ്യവസ്ഥകളോടെയാണ് അമേരിക്ക നിലവിൽ വിസ അനുവദിച്ചിരിക്കുന്നത്.
അതേസമയം, ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ഭാരവാഹികളുടെ വിസയുടെ കാര്യത്തിൽ അമേരിക്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹെദായത്ത് മുംബൈനി, വൈസ് പ്രസിഡൻ്റ് മെഹ്ദി മുഹമ്മദ് നബി എന്നിവരുൾപ്പെടെ 14 ഉദ്യോഗസ്ഥർ ഇപ്പോഴും യാത്രാനുമതിക്കായി കാത്തിരിക്കുകയാണ്. ഫെഡറേഷൻ പ്രസിഡൻ്റ് മെഹ്ദി താജിന് വിസ ലഭിച്ചോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. യാത്രാനുമതി ലഭിച്ച സംഘം ശനിയാഴ്ച തുർക്കിയിൽ നിന്ന് സ്പെയിൻ വഴി യാത്ര തിരിച്ചിട്ടുണ്ട്. യഥാർത്ഥ കായിക താരങ്ങൾക്കും പരിശീലകർക്കും അമേരിക്കയിലേക്ക് വരാമെന്നും, എന്നാൽ ലോകകപ്പിന്റെ മറവിൽ ഇറാനിലെ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഒരാളെപ്പോലും രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.