അങ്കണവാടിയിൽ നിന്ന് ഗർഭിണിക്ക് നൽകിയ പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പ്; അന്വേഷണം പ്രഖ്യാപിച്ചു
ഭോപ്പാൽ: അങ്കണവാടിയിൽ നിന്നും ഗർഭിണിക്ക് വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലുള്ള കാർഘട്ട് കാംഥി ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗ്രാമവാസിയായ വച്ചാലാ ബായി ധുർവേ എന്ന ഗർഭിണിക്കാണ് പാമ്പിനെ ഉൾപ്പെട്ട ഭക്ഷണപ്പൊതി അങ്കണവാടിയിൽ നിന്നും ലഭിച്ചത്.
അങ്കണവാടിയിൽ നിന്ന് നൽകിയ ഭക്ഷണപ്പൊതി വീട്ടിലെത്തി തുറന്നുനോക്കിയപ്പോഴാണ് ഉള്ളിൽ ചത്ത പാമ്പിനെ കുടുംബാംഗങ്ങൾ കണ്ടത്. ഭാഗ്യവശാൽ ഇവർ ഈ ഭക്ഷണം കഴിച്ചിരുന്നില്ല. സംഭവത്തിന് പിന്നാലെ ഗ്രാമവാസികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികൾക്കും ഗർഭിണികൾക്കും സർക്കാർ സംവിധാനങ്ങൾ വഴി നൽകുന്ന ഭക്ഷണത്തിന്റെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് നാട്ടുകാർ വലിയ ആശങ്കയാണ് പങ്കുവെക്കുന്നത്.
കുടുംബം വിവരമറിയിച്ചതിനെ തുടർന്ന് വനിതാ ശിശുവികസന വകുപ്പ് പ്രോജക്ട് ഓഫീസർ ഉഷ പാന്ദ്ര, നന്ദൻവാഡി പോലീസ്, നായിബ് തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പാമ്പിനെ കണ്ടെത്തിയ ഭക്ഷണപ്പൊതി ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയും ഔദ്യോഗിക റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആക്ടിങ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത ഭക്ഷണത്തിന്റെ സാമ്പിളുകൾ ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിങ് സെന്ററിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ഫുഡ് ഓഫീസർ അറിയിച്ചു. ലബോറട്ടറിയിൽ നിന്നുള്ള പരിശോധനാ ഫലവും അന്വേഷണ സമിതിയുടെ റിപ്പോർട്ടും ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി.
കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി വേണമെന്നും അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങൾ കൃത്യമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അതേസമയം, പ്രചരിക്കുന്ന കിംവദന്തികളിൽ വിശ്വസിക്കരുതെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ കാത്തിരിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.