13/06/2026
[fontresizer_tawhidurrahmandear_widget]

പ്ലേ സ്കൂളിൽ ക്രൂരത; കൊച്ചുപെൺകുട്ടികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപകൻ

 പ്ലേ സ്കൂളിൽ ക്രൂരത; കൊച്ചുപെൺകുട്ടികളുടെ മുഖത്ത് ആഞ്ഞടിച്ച് അധ്യാപകൻ

കൊച്ചുകുട്ടികളുടെ മുഖത്ത് യാതൊരു ദയയുമില്ലാതെ ആഞ്ഞടിക്കുന്ന ഒരധ്യാപകന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സൈബറിടത്ത് വൻ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ജാർഖണ്ഡിലെ ജാപ്ലയിലുള്ള ഒരു സ്കൂളിൽ നിന്നുള്ളതാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ. അഞ്ചോ ആറോ വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന കൊച്ചുപെൺകുട്ടികളെയാണ് ക്ലാസ് മുറിയിൽ വെച്ച് ഈ അധ്യാപകൻ ക്രൂരമായി മർദിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപകനെതിരെയും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്.

ക്ലാസ് മുറിയിൽ വെച്ച് നടന്ന ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ ആരാണ് ക്യാമറയിൽ പകർത്തിയതെന്നോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്നോ നിലവിൽ വ്യക്തമല്ല. ലഭ്യമാകുന്ന റിപ്പോർട്ടുകൾ പ്രകാരം ജാർഖണ്ഡിലെ പലാമു ജില്ലയിലുള്ള ജാപ്ല എന്ന സ്ഥലത്തെ ‘ലക്ഷ്മി ശിശു വാടിക’ എന്ന പ്ലേ സ്‌കൂളിലാണ് ഈ സംഭവം അരങ്ങേറിയത്. ഈ സ്‌കൂളിലെ പ്രധാന അധ്യാപകനായ ശശികേഷ് കശ്യപാണ് കുട്ടികളെ മർദിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

സഹപാഠികളായ പെൺകുട്ടികൾ അധ്യാപകന്റെ ക്രൂരതയിൽ ഭയന്ന് നടുങ്ങിനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതോടെ പ്ലേ സ്‌കൂളിനെതിരെയും കുറ്റക്കാരനായ അധ്യാപകനെതിരെയും കടുത്ത നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. കുട്ടികളോട് ഇത്രയും ക്രൂരത കാണിച്ച പ്രതിക്കെതിരെ നിയമപരമായ കടുത്ത ശിക്ഷ തന്നെ ഉറപ്പാക്കണമെന്നാണ് സൈബർ ലോകം ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.

Also read: