13/06/2026
[fontresizer_tawhidurrahmandear_widget]

വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെ ബം​ഗാളിൽ മദ്രസകളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി സുവേന്ദു സർക്കാർ

 വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെ ബം​ഗാളിൽ മദ്രസകളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി സുവേന്ദു സർക്കാർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ മദ്രസകളുടെ സമ്പൂർണ്ണ വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ. മദ്രസകളുടെ അടിസ്ഥാന സൗകര്യങ്ങൾ, നിയമപരമായ പദവി, പ്രവർത്തന രീതി എന്നിവയെക്കുറിച്ച് വിശദമായി പഠിക്കുന്നതിനായി സംസ്ഥാന വ്യാപകമായി സർവേ ആരംഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും നിലവിലുള്ള നിയമങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്നും, ആവശ്യമായ എല്ലാ രേഖകളും ഇവയ്ക്ക് ഉണ്ടോയെന്നും പരിശോധിക്കുകയാണ് ഈ സർവേയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ജൂലൈ അഞ്ചിനകം സമർപ്പിക്കാൻ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മദ്രസ പ്രവർത്തിക്കുന്ന സ്ഥലം, സ്ഥാപിതമായ വർഷം, രജിസ്ട്രേഷൻ വിവരങ്ങൾ, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും എണ്ണം തുടങ്ങിയ വിവരങ്ങളെല്ലാം സർവേയുടെ ഭാഗമായി പരിശോധിക്കും. ഇതിനുപുറമെ, പഠിപ്പിക്കുന്ന കോഴ്‌സുകളുടെ വിശദാംശങ്ങളും, മദ്രസകൾ എയ്‌ഡഡ്, അൺ-എയ്‌ഡഡ് അല്ലെങ്കിൽ റെസിഡൻഷ്യൽ വിഭാഗത്തിൽപ്പെടുന്നവയാണെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകളും അധികൃതർക്ക് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്. മദ്രസ വിദ്യാഭ്യാസ മേഖലയിലെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് സുഗമമാക്കുന്നതിനായി ഒരു പുതിയ ഡാറ്റാബേസ് തയ്യാറാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലും സർക്കാരിന്റെ അംഗീകാരമുള്ള മദ്രസകളിലും പ്രഭാത അസംബ്ലിയിൽ വന്ദേമാതരം മുഴുവനായും ആലപിക്കുന്നത് നിർബന്ധമാക്കി കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് മദ്രസ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. എന്നാൽ ബി.ജെ.പി സർക്കാരിന്റെ ഈ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മതവിശ്വാസങ്ങൾക്ക് വിരുദ്ധമായ ഗാനങ്ങളോ വാചകങ്ങളോ ചൊല്ലാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് മുസ്ലിം പണ്ഡിതരുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് മദ്രസകളുടെ കണക്കെടുക്കാനുള്ള പുതിയ സർവേയുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

Also read: