ബംഗാളിൽ നിന്ന് 4,800 ബംഗ്ലാദേശികളെ നാടുകടത്തി, 836 പേരെക്കൂടി ഉടൻ നാടുകടത്തുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കൃത്യമായ രേഖകളില്ലാത്ത 4,800 ഓളം ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തിയതായും നിലവിൽ തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന 836 പേരെക്കൂടി ഉടൻ തന്നെ നാടുകടത്തുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. കൊൽക്കത്തയിലെ ന്യൂ ടൗണിൽ വെച്ച് നടന്ന ബി.ജെ.പിയുടെ ‘പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൺ മഹാ അഭിയാൻ 2026’ പരിശീലന പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ബംഗാളി സംസാരിക്കുന്ന മുസ്ലിംങ്ങളെ കൃത്യമായ നിയമനടപടികളോ ദേശീയത പരിശോധനയോ ഔദ്യോഗിക നാടുകടത്തൽ ഉത്തരവുകളോ ഇല്ലാതെ അതിർത്തി കടത്തിവിടുന്നു എന്ന രീതിയിൽ വലിയ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത്. നിലവിൽ ഹോൾഡിംഗ് സെന്ററുകളിൽ പാർപ്പിച്ചിരിക്കുന്ന 836 പേരെ അനധികൃതമായി രാജ്യത്തേക്ക് കടന്നുകയറിയവരായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ തന്നെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെയും ജയിൽ മോചിതരായ വിദേശ പൗരന്മാരെയും നാടുകടത്തുന്നതുവരെ താമസിപ്പിക്കുന്നതിനായി മെയ് 22-ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ ഹോൾഡിംഗ് സെന്ററുകൾ സ്ഥാപിച്ചത്. സർക്കാരിന്റെ ഈ നടപടിയെ ന്യായീകരിച്ച സുവേന്ദു അധികാരി, രേഖകളില്ലാത്ത കുടിയേറ്റക്കാരെ ജയിലുകളിൽ അടയ്ക്കുന്നതിന് പകരം അതിർത്തി രക്ഷാസേനയ്ക്ക് (ബി.എസ്.എഫ്) കൈമാറാൻ നിയമപരമായ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ബംഗ്ലാദേശ് അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നതിനായി ബി.എസ്.എഫിന് സർക്കാർ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശിൽ നിന്ന് വന്നവരോട് രാജ്യം വിട്ടുപോകാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ളവരെ ഭക്ഷണവും മരുന്നും നൽകി ആദരണീയരായ അതിഥികളായി സ്വീകരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുൻപ് ഭരിച്ചിരുന്ന സർക്കാരുകൾ ഇത്തരം ആളുകളെ അതിഥികളായി കണ്ട് ജയിലുകളിൽ താമസിപ്പിക്കുകയും സംസ്ഥാനത്തിന്റെ ചിലവിൽ അവർക്ക് ഭക്ഷണവും വസ്ത്രവും ചികിത്സയും നൽകുകയുമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതിർത്തി സുരക്ഷയ്ക്കാണ് തങ്ങളുടെ സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും ബി.ജെ.പി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ അതിർത്തി വേലി നിർമ്മാണത്തിനായി ബി.എസ്.എഫിന് ഭൂമി കൈമാറാൻ അനുമതി നൽകിയിരുന്നതായും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. അതിർത്തിയിൽ വേലി കെട്ടുന്നതിനായി ആകെ ആവശ്യമായ 556 കിലോമീറ്റർ ഭൂമിയിൽ 100 കിലോമീറ്ററോളം ഭൂമി ഇതിനോടകം തന്നെ കൈമാറിക്കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.
24 മണിക്കൂറിനുള്ളിൽ പത്തോളം സംഭവങ്ങളിലായി ഇന്ത്യ അതിർത്തിയിലൂടെ ആളുകളെ ബംഗ്ലാദേശിലേക്ക് തള്ളിവിടാൻ ശ്രമിച്ചുവെന്ന് ബംഗ്ലാദേശ് ആരോപണമുന്നയിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സുവേന്ദു അധികാരിയുടെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. കൃത്യമായ ചട്ടങ്ങൾ പാലിക്കാതെ ഇന്ത്യൻ അധികൃതർ ആളുകളെ തങ്ങളുടെ അതിർത്തിക്കുള്ളിലേക്ക് കടത്തിവിടാൻ ശ്രമിക്കുകയാണെന്നാണ് ബംഗ്ലാദേശ് അതിർത്തി രക്ഷാസേന ആരോപിക്കുന്നത്. മതിയായ രേഖകളും ഔദ്യോഗിക ഉത്തരവുകളുമില്ലാതെ ബംഗാളി സംസാരിക്കുന്ന മുസ്ലിംങ്ങളെ ഇത്തരത്തിൽ പുറത്താക്കുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സാധുവായ തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ ബംഗാളി മുസ്ലിംങ്ങളെ ബംഗ്ലാദേശികളായി മുദ്രകുത്തി അതിർത്തി കടത്തുന്നുവെന്ന് കാണിച്ച് മുൻപും സുപ്രീം കോടതിക്ക് മുന്നിൽ ഉൾപ്പെടെ നിരവധി പരാതികൾ എത്തിയിട്ടുണ്ട്.