07/09/2026
[fontresizer_tawhidurrahmandear_widget]

‘നഴ്‌സിങ് തൊഴിൽ ലൈംഗികവൽക്കരിക്കപ്പെട്ടു, ബ്രിട്ടീഷ് രീതി ഉപേക്ഷിക്കണം, യൂനിഫോം ഭാരതീയ രീതിയിലേക്ക് മാറ്റണം’ -കങ്കണ റണാവത്ത്

 ‘നഴ്‌സിങ് തൊഴിൽ ലൈംഗികവൽക്കരിക്കപ്പെട്ടു, ബ്രിട്ടീഷ് രീതി ഉപേക്ഷിക്കണം, യൂനിഫോം ഭാരതീയ രീതിയിലേക്ക് മാറ്റണം’ -കങ്കണ റണാവത്ത്

മുംബൈ: രാജ്യത്ത് നഴ്‌സിങ് തൊഴിൽ അമിതമായി ലൈംഗികവൽക്കരിക്കപ്പെട്ടിരിക്കുകയാണെന്നും, നഴ്‌സുമാരുടെ യൂനിഫോം ഭാരതീയ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റണമെന്നുമുള്ള വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി.യും നടിയുമായ കങ്കണ റണാവത്ത് രംഗത്ത്. തന്റെ പുതിയ ചിത്രമായ ‘ഭാരത് ഭാഗ്യവിധാത’യുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ചിത്രത്തിൽ കാമ ആശുപത്രിയിലെ ഒരു നഴ്‌സിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ലൈംഗികവൽക്കരിക്കപ്പെട്ട തൊഴിലായി നഴ്‌സിങ് മാറിയിട്ടുണ്ടെന്ന് കങ്കണ ആരോപിച്ചു. നഴ്‌സുമാരെ പലപ്പോഴും പരിഹാസപാത്രമാക്കുന്ന പ്രവണതയുണ്ടെന്നും, ഹാലോവീൻ പോലുള്ള ആഘോഷങ്ങളിൽ പോലും അവരുടെ വേഷം മോശമായ രീതിയിൽ ലൈംഗികവൽക്കരിച്ച് അവതരിപ്പിക്കപ്പെടാറുണ്ടെന്നും താരം ചൂണ്ടിക്കാട്ടി. നിലവിൽ നഴ്‌സുമാർ ധരിക്കുന്ന യൂനിഫോം ബ്രിട്ടീഷ് ഭരണകാലത്തിന്റെ അവശേഷിപ്പാണെന്നും അത് ഭാരതീയ രീതിയിലേക്ക് മാറ്റണമെന്നുമാണ് കങ്കണയുടെ ആവശ്യം. ഈ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കങ്കണയ്ക്ക് പിന്തുണയുമായി നിരവധി ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

നഴ്‌സുമാർക്ക് സമൂഹത്തിൽ അർഹമായ പരിഗണനയും ബഹുമാനവും നൽകണമെന്നും നിലവിൽ അവർ ധരിക്കുന്നത് ഒട്ടും സൗകര്യപ്രദമല്ലാത്ത വസ്ത്രമാണെന്നും കങ്കണ പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിലെയും രണ്ടാം ലോകമഹായുദ്ധത്തിലെയും യു.എസ്. നാവികസേനയുടെ സ്വാധീനത്തിലാണ് നഴ്‌സുമാർ ഇപ്പോഴും പിന്നുകളും തൊപ്പികളും ബെൽറ്റുകളും ധരിക്കുന്നത്. ഇത് ഭാരതീയ സംസ്‌കാരത്തിൽ നിന്നും രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമാണെന്നും ഇതിൽ അടിയന്തരമായി മാറ്റം വരുത്തണമെന്നും താരം ആവശ്യപ്പെട്ടു. എന്നാൽ തന്റെ പുതിയ സിനിമയിൽ നഴ്‌സിന്റെ യൂനിഫോമുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വളരെയധികം സത്യസന്ധതയും അന്തസ്സും പുലർത്താൻ തങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെന്നും കങ്കണ റണാവത്ത് കൂട്ടിച്ചേർത്തു.

Also read: