07/09/2026
[fontresizer_tawhidurrahmandear_widget]

സ്‌കൂളിൽ ബീഫ് കൊണ്ടുവന്നതായി ആരോപണം; അസമിൽ അഞ്ച് മുസ്‌ലിം വിദ്യാർത്ഥികളെ പുറത്താക്കാൻ നീക്കം, അമ്മ അറസ്റ്റിൽ

 സ്‌കൂളിൽ ബീഫ് കൊണ്ടുവന്നതായി ആരോപണം; അസമിൽ അഞ്ച് മുസ്‌ലിം വിദ്യാർത്ഥികളെ പുറത്താക്കാൻ നീക്കം, അമ്മ അറസ്റ്റിൽ

ദിസ്പൂർ: അസമിലെ ഗോപാൽപാര ജില്ലയിലെ ഒരു സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ടിഫിൻ ബോക്‌സിൽ ബീഫ് കൊണ്ടുവന്നുവെന്ന ആരോപണത്തെത്തുടർന്ന് അഞ്ച് മുസ്ലീം വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് പുറത്താക്കാൻ നീക്കം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന വലിയ വിദ്വേഷ പ്രചാരണങ്ങൾക്കൊടുവിൽ പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പിന്നീട് ജുവനൈൽ കോടതിയിൽ ഹാജരാക്കി. പ്രാദേശിക സ്വയംസഹായ സംഘത്തിൽ പ്രവർത്തിക്കുന്ന, ഭർത്താവ് മരണപ്പെട്ട സിംഗിൾ മദറായ അമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ഹിന്ദു വിദ്യാർത്ഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മതവിശ്വാസങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള പ്രവൃത്തികൾ തടയുന്ന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

സ്‌കൂൾ അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം ജൂൺ 5-നാണ് സംഭവം നടന്നത്. അഞ്ച് മുസ്ലീം വിദ്യാർത്ഥികൾ തങ്ങളുടെ ടിഫിൻ ബോക്സിൽ കൊണ്ടുവന്ന ബീഫ് രണ്ട് ഹിന്ദു സഹപാഠികളുമായി പങ്കുവെക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. തുടർന്ന് ഈ വിദ്യാർത്ഥികൾ അധ്യാപകരെ വിവരമറിയിക്കുകയും വിഷയത്തിന്റെ വൈകാരിക സ്വഭാവം കണക്കിലെടുത്ത് സ്‌കൂൾ അധികൃതർ പ്രശ്നം ആഭ്യന്തരമായി പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കുട്ടികൾ വീട്ടിൽ വിവരമറിയിച്ചതോടെ വിഷയം വഷളാകുകയും പ്രാദേശിക സംഘടനകളും സമുദായ ഗ്രൂപ്പുകളും ഇടപെടുകയുമായിരുന്നു. അഞ്ച് വിദ്യാർത്ഥികളെയും പുറത്താക്കാനുള്ള നിർദ്ദേശത്തിൽ അന്തിമ തീരുമാനമെടുക്കാൻ സ്‌കൂൾ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ യോഗം ചൊവ്വാഴ്ച ചേരുമെന്ന് കമ്മിറ്റി പ്രസിഡന്റ് സുബ്രത ദാസ് അറിയിച്ചു. സ്‌കൂൾ അധികൃതരും കമ്മിറ്റി അംഗങ്ങളും പ്രാദേശിക സംഘടനകളും പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളെ പുറത്താക്കണമെന്ന പൊതുവികാരമാണ് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മറ്റ് നാല് വിദ്യാർത്ഥികളെക്കൂടി പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

അതേസമയം, വിദ്യാർത്ഥികളുമായും അവരുടെ കുടുംബങ്ങളുമായും സംസാരിച്ച പ്രാദേശിക ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് മണിദുൽ ഇസ്‌ലാം ഈ ആരോപണങ്ങളെ പൂർണ്ണമായും തള്ളിപ്പറഞ്ഞു. കുട്ടികൾ പരസ്പരം ഭക്ഷണം പങ്കുവെച്ചു കഴിക്കുന്നതിനിടയിൽ രണ്ട് സഹപാഠികൾ അടുത്തെത്തി എന്താണ് കഴിക്കുന്നതെന്ന് ചോദിച്ചതാണെന്നും, എന്നാൽ പിന്നീട് ഇത് വലിയൊരു വിവാദമാക്കി മാറ്റുകയായിരുന്നെന്നുമാണ് കുട്ടികൾ തന്നോട് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഗോപാൽപാര ഡിസ്ട്രിക്റ്റ് കമ്മീഷണർ പ്രദീപ് തിമുങ്ങും സൂപ്രണ്ട് ഓഫ് പോലീസ് നവനീത് മഹാന്തയും സ്‌കൂൾ സന്ദർശിച്ച് കർശന നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി. തുടർന്ന് വിഷയത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ച ഡിസ്ട്രിക്റ്റ് കമ്മീഷണർ, സ്‌കൂളുകളിൽ കൊണ്ടുവരുന്ന ഭക്ഷണ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികൾക്ക് പരമാവധി മുട്ട മാത്രമേ ടിഫിൻ ബോക്സിൽ അനുവദിക്കാവൂ എന്നും മീനും ഇറച്ചിയും സ്‌കൂൾ പരിസരത്ത് അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ സ്‌കൂളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം കൊണ്ടുവന്നാൽ മതിയെന്ന് അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികളെ പുറത്താക്കാനുള്ള നീക്കത്തെ എതിർത്ത മണിദുൽ ഇസ്‌ലാം, ഒരു വിവാദത്തിന്റെ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കരുതെന്നും പ്രദേശത്ത് സാമുദായിക സൗഹാർദ്ദം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും ആവശ്യപ്പെട്ടു. കന്നുകാലി മോഷണം ആരോപിച്ച് അസമിലെ ശ്രീഭൂമി ജില്ലയിൽ രണ്ട് മുസ്ലീം സഹോദരങ്ങളെ ഒരു സംഘം ആളുകൾ ക്രൂരമായി ആക്രമിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ വിവാദവും ഉണ്ടായിരിക്കുന്നത്. തങ്ങളുടെ കാണാതായ കന്നുകാലികളെ തിരഞ്ഞ് അയൽഗ്രാമത്തിൽ എത്തിയ അമീർ ഉദ്ദീൻ, ഇസ്‌ലാം ഉദ്ദീൻ എന്നിവരെയാണ് പ്രദേശവാസികൾ ചേർന്ന് മർദ്ദിച്ചത്. അന്താരാഷ്ട്ര സംഘർഷ നിരീക്ഷണ സംഘടനയായ എ.സി.എൽ.ഇ.ഡി പുറത്തുവിട്ട കണക്കുകൾ പ്രകാരം, കന്നുകാലികളുമായി ബന്ധപ്പെട്ട് അസമിൽ 2016-നും 2020-നും ഇടയിൽ ഡസനിലധികം ജനക്കൂട്ട അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ കാലയളവിലാണ് ഇന്ത്യയിലെ പല ബി.ജെ.പി ഭരണ സംസ്ഥാനങ്ങളും കന്നുകാലി അറവിനും ബീഫ് ഉപഭോഗത്തിനുമെതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായി 2024 ഡിസംബറിൽ അസം സർക്കാർ സംസ്ഥാനത്തെ എല്ലാ പൊതുസ്ഥലങ്ങളിലും ബീഫ് കഴിക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. മുൻപ് ക്ഷേത്ര പരിസരങ്ങളിൽ മാത്രമുണ്ടായിരുന്ന നിരോധനമാണ് കഴിഞ്ഞ വർഷം അവസാനം സംസ്ഥാനവ്യാപകമായി വ്യാപിപ്പിച്ചത്.

Also read: