കേരളത്തിൽ തടവുകാരുടെ എണ്ണം വർധിക്കുന്നു; ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തടവുകാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിന് പുറമെ ജയിലുകളിൽ സമഗ്രമായ പരിഷ്കരണങ്ങൾ കൊണ്ടുവരുന്നതിനുള്ള നടപടികൾ സർക്കാർ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനത്ത് സംസ്ഥാനത്തെ മൂന്ന് ജയിൽ ഡി.ഐ.ജിമാരുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജയിലുകൾ കേവലം ശിക്ഷാകേന്ദ്രങ്ങൾ എന്നതിലുപരി, തടവുപുള്ളികളെ നല്ല നടപ്പിലേക്ക് നയിക്കുന്ന തിരുത്തൽ കേന്ദ്രങ്ങളായാണ് നിലവിൽ പ്രവർത്തിക്കുന്നത്. എന്നാൽ, ജയിലുകളിലെ തടവുകാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുന്നതിനാൽ പുതിയൊരു സെൻട്രൽ ജയിൽ അനിവാര്യമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജയിലുകളെ ആധുനികവൽക്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും, ജയിലുകളുടെ സമഗ്രമായ മാറ്റവും പരിഷ്കരണവും ലക്ഷ്യമിട്ടുള്ള സുപ്രധാന ചർച്ചകളാണ് ഉദ്യോഗസ്ഥരുമായി ഇപ്പോൾ നടത്തിയതെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.