ചെന്നൈയിൽ തുടർച്ചയായ വൈദ്യുതി തടസ്സം; കടുത്ത ചൂടിൽ പൊറുതിമുട്ടി ജനങ്ങൾ, നഗരത്തിൽ വ്യാപക പ്രതിഷേധം
ചെന്നൈ: ചെന്നൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസ്സത്തിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ചുട്ടുപൊള്ളുന്ന ചൂടിലും ഉയർന്ന അന്തരീക്ഷർദ്രതയിലും വൈദ്യുതി കൂടി നിലച്ചതോടെ രാത്രി ഉറങ്ങാൻ പോലുമാകാതെ ദുരിതത്തിലായ ജനങ്ങൾ പലയിടത്തും റോഡ് ഉപരോധിക്കുകയും വൈദ്യുതി ബോർഡ് ഓഫീസുകൾ ഉപരോധിക്കുകയും ചെയ്തു. മീനമ്പാക്കത്ത് താപനില 40.4 ഡിഗ്രി സെൽഷ്യസിലെത്തിയ സാഹചര്യത്തിലാണ് ജനങ്ങളെ വലച്ചുകൊണ്ട് മണിക്കൂറുകളോളം നീളുന്ന പവർകട്ട് അനുഭവപ്പെട്ടത്.
പെരമ്പൂർ, വില്ലിവാക്കം, മുട്ടുകാട്, തിരുപ്പോരൂർ, മേടവാക്കം, പള്ളിക്കരണൈ, ഈസ്റ്റ് കോസ്റ്റ് റോഡ് , ഒ.എം.ആർ , പൊന്നേരി, അമ്പത്തൂർ, വ്യാസർപാടി തുടങ്ങിയ ഒട്ടേറെ സ്ഥലങ്ങളിലാണ് വൈദ്യുതി തടസ്സം രൂക്ഷമായി ബാധിച്ചത്. പലയിടത്തും രണ്ടുമുതൽ നാല് മണിക്കൂർ വരെയാണ് വൈദ്യുതി മുടങ്ങിയത്. മുട്ടുകാടിനു സമീപം ഇ.സി.ആർ റോഡിൽ ജനങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തിരുപ്പോരൂർ എം.എൽ.എ ബി. വിജയരാജ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ ശാന്തരാക്കിയത്. അമ്പത്തൂരിൽ രാത്രിയിൽ വൈദ്യുതി ഓഫീസിലെത്തിയ ജനങ്ങൾ തുടർച്ചയായ വൈദ്യുതി മുടക്കത്തെച്ചൊല്ലി ഉദ്യോഗസ്ഥരുമായി വാഗ്വാദത്തിലേർപ്പെടുന്ന സാഹചര്യവുമുണ്ടായി.
എന്നാൽ, സംസ്ഥാനത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും, വിതരണ ശൃംഖലയിലെ തകരാറുകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നുമാണ് തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജെ. രാധാകൃഷ്ണൻ പ്രതികരിച്ചത്. വിതരണത്തിനുള്ള പഴയ കേബിളുകൾ, ട്രാൻസ്ഫോർമറുകളിലെ അമിതഭാരം, ഫ്യൂസ് തകരാറുകൾ, റോഡ് പണികൾക്കും മറ്റും ഇടയിൽ ഭൂഗർഭ കേബിളുകൾക്ക് സംഭവിക്കുന്ന കേടുപാടുകൾ എന്നിവയാണ് പ്രാദേശികമായ വൈദ്യുതി തടസ്സങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
അതേസമയം, തുടർച്ചയായ വൈദ്യുതി തടസ്സങ്ങൾക്ക് പിന്നിൽ ചിലരുടെ ആസൂത്രിതമായ അട്ടിമറിയാണെന്ന് തമിഴ്‌നാട് വൈദ്യുതി വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽകുമാർ ആരോപിച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിച്ച പെരമ്പൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലും ചിലർ ബോധപൂർവ്വം ഫ്യൂസുകൾ ഊരിമാറ്റിയും മറ്റും ജനങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം അട്ടിമറികൾ നടത്തുന്നവരെ കണ്ടെത്തി കർശന നടപടികൾ ആരംഭിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ അതിവേഗം പരിഹരിക്കുന്നതിനായി 20 ജീവനക്കാർ വീതമുള്ള മൂന്ന് അധിക സംഘങ്ങളെ പെരമ്പൂരിലേക്കും വില്ലിവാക്കത്തേക്കും നിയോഗിച്ചിട്ടുണ്ടെന്നും വൈദ്യുതി വിതരണം സുഗമമാക്കാൻ രാത്രികാല പരിശോധനകൾ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.