‘രാജ്യത്തോട് കൂറില്ലാത്തവർക്ക് ഇന്ത്യ ധർമ്മശാലയല്ല’; ലൗ ജിഹാദിനും ലാൻഡ് ജിഹാദിനുമെതിരെ മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്
ലഖ്‌നൗ: രാജ്യത്തോട് വിശ്വാസമില്ലാത്തവർക്കും ഇവിടുത്തെ പാരമ്പര്യങ്ങളെ ബഹുമാനിക്കാത്തവർക്കും ഇന്ത്യ ഒരു ‘ധർമ്മശാല’ ആകാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ലൗ ജിഹാദ്’, മതപരിവർത്തന ഗൂഢാലോചനകൾ, ‘ലാൻഡ് ജിഹാദ്’ എന്നിവയ്ക്കെതിരെ ജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലഖ്‌നൗവിൽ ജഗദ്ഗുരു രാമാനന്ദാചാര്യ സ്വാമി രാമഭദ്രാചാര്യ അവതരിപ്പിച്ച ഒമ്പത് ദിവസത്തെ ശ്രീരാമ കഥാ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു യു.പി മുഖ്യമന്ത്രി.
ശ്രീരാമന്റെ ആദർശങ്ങൾ രാജ്യത്തെ വടക്കുനിന്ന് തെക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറോട്ടും ഒന്നിപ്പിക്കാൻ പ്രാപ്തമാണെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചുരുക്കം ചിലരൊഴികെ ഇന്ത്യയുടെ ഡി.എൻ.എ ഉള്ള എല്ലാവരും ശ്രീരാമന്റെ ആദർശങ്ങളെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറിവിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രങ്ങളെ നശിപ്പിക്കാൻ ശ്രമിച്ച താടകയെപ്പോലുള്ള അസുരന്മാർക്കെതിരെ അക്കാലത്ത് ശ്രീരാമൻ സ്വീകരിച്ച നടപടികളും അദ്ദേഹം പ്രസംഗത്തിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ച് സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് മതപരിവർത്തനവും മിശ്രവിവാഹവും ഉൾപ്പെടെയുള്ള വിഷയങ്ങൾ പരാമർശിച്ചത്. രാജ്യത്തെ മതപരമായ ജനസംഖ്യാഘടന മാറ്റിമറിക്കാൻ ലക്ഷ്യമിട്ടുള്ള വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ് ലൗ ജിഹാദ് എന്ന് അദ്ദേഹം ആരോപിച്ചു. 2009-ലും 2011-ലും ഹൈക്കോടതി ഈ വിഷയത്തിൽ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നതായും, ഇതിന്റെ അടിസ്ഥാനത്തിൽ 2020-ൽ ഉത്തർപ്രദേശ് സർക്കാർ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നതായും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തിൽ ഇതിനെതിരെ കൂടുതൽ ബോധവൽക്കരണം ആവശ്യമാണെന്നും എല്ലാ കാലത്തും ഇത്തരം വിപത്തുകൾക്കെതിരെ സമൂഹം ഒന്നിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലാൻഡ് ജിഹാദിനെതിരെയും രൂക്ഷമായ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഇത്തരം പ്രവർത്തനങ്ങളെ ശക്തമായി നേരിടേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, അധിനിവേശകർക്കും രാജ്യത്തിന്റെ മൂല്യങ്ങളോട് യാതൊരു കൂറുമില്ലാത്തവർക്കും ഇന്ത്യ ഒരു അഭയകേന്ദ്രമാകാൻ കഴിയില്ലെന്നും തറപ്പിച്ചു പറഞ്ഞു.
ജാതിയുടെയും പ്രദേശത്തിന്റെയും ഭാഷയുടെയും പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും, രാജ്യത്തെ ശക്തിപ്പെടുത്താൻ സന്യാസിമാരും സമൂഹവും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കേവലം മതപ്രഭാഷണങ്ങൾ കേൾക്കുക മാത്രമല്ല, നാം ആരാധിക്കുന്ന ശ്രീരാമനെപ്പോലുള്ളവരുടെ ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുകയും കുടുംബാംഗങ്ങൾക്ക് അതിലൂടെ പ്രചോദനമാകുകയും ചെയ്യണമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.