11/06/2026
[fontresizer_tawhidurrahmandear_widget]

“തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്”; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

 “തെറ്റുപറ്റിയെന്ന് ഏറ്റുപറയാൻ സിപിഐഎം നേതൃത്വം തയ്യാറാകണം, പാർട്ടിയുടെ പോക്ക് ഏകാധിപത്യത്തിലേക്ക്”; റിവ്യൂ റിപ്പോർട്ടിനെതിരെ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

കണ്ണൂർ: തെരഞ്ഞെടുപ്പ് പരാജയങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി എംഎൽഎമാരായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും രംഗത്ത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിയുടെ തലയിൽ കെട്ടിവെച്ച് കൈകഴുകാനാണ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നതെന്ന് ഇരുവരും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കീഴ്ഘടകങ്ങൾ എന്തെങ്കിലും തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള അധികാരം സംസ്ഥാന നേതൃത്വത്തിനുണ്ടായിട്ടും, അതിന് മുതിരാതെ തോൽവിയുടെ ഭാരം താഴെത്തട്ടിലേക്ക് മാറ്റുന്നത് പാർട്ടി പ്രവർത്തകരോടുള്ള കൊടിയ വഞ്ചനയാണെന്ന് എംഎൽഎമാർ കുറ്റപ്പെടുത്തി. പയ്യന്നൂരിലും തളിപ്പറമ്പിലും യഥാർത്ഥത്തിൽ സംഭവിച്ച തെറ്റെന്താണെന്ന് വിശദീകരിക്കാൻ നേതൃത്വം തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പാർട്ടിയുടെ താഴെത്തട്ടിലുള്ള ഘടകങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളോ ചർച്ചകളോ സംസ്ഥാന കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ടി.കെ. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന് തന്നെ ഇക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം വിമർശിച്ചു. മത്സരിച്ച 27 സ്ഥാനാർഥികളിൽ 24 പേരും പരാജയപ്പെട്ടതിന് പിന്നിൽ മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ തീരുമാനങ്ങളെ അംഗീകരിക്കാത്തതാണ്. പാർട്ടിയുടെ ഇന്നത്തെ ഈ വലിയ തകർച്ചയ്ക്ക് പ്രധാന കാരണം നേതൃത്വമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇനിയെങ്കിലും തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ആർജവത്തോടെ പാർട്ടിയോടും ജനങ്ങളോടും തുറന്നുപറയാൻ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു.

തെറ്റുപറ്റിയെന്ന് നേതൃത്വം സമ്മതിക്കുമ്പോൾ തന്നെ ആ തെറ്റെന്താണെന്ന് ജനങ്ങളോട് തുറന്നുപറയാനുള്ള ബാധ്യതയും അവർക്കുണ്ടെന്ന് വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഉൾപാർട്ടി ജനാധിപത്യത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത പ്രസ്ഥാനമായി സിപിഐഎം മാറിയിരിക്കുകയാണെന്നും, പാർട്ടി ഇപ്പോൾ പൂർണ്ണമായും ഏകാധിപത്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിലെ ജനപ്രതിനിധികൾ തന്നെ പരസ്യമായി രംഗത്തുവന്നത് വരുംദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

Also read: