ബിഹാർ പോലീസ് പരീക്ഷ: ട്രെയിൻ വൈകിയതിനെ തുടർന്ന് റെയിൽവേ സ്റ്റേഷൻ തല്ലിത്തകർത്ത് ഉദ്യോഗാർത്ഥികൾ; കല്ലേറും വൻ സംഘർഷവും
പട്ന: ബിഹാർ പോലീസ് പരീക്ഷയ്ക്കായി പോകുന്ന ഉദ്യോഗാർത്ഥികൾക്കായി ഏർപ്പെടുത്തിയ ട്രെയിൻ സേവനങ്ങൾ വൈകിയതിനെ തുടർന്ന് പാടലീപുത്ര റെയിൽവേ സ്റ്റേഷനിൽ വൻ സംഘർഷം. ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ദാനാപുർ റെയിൽവേ ഡിവിഷന് കീഴിലുള്ള പാടലീപുത്ര സ്റ്റേഷനിൽ ഞായറാഴ്ചയാണ് ഉദ്യോഗാർത്ഥികൾ കല്ലേറും വ്യാപകമായ അക്രമവും നടത്തിയത്. കല്ലേറിൽ ഐ.ജി ജിതേന്ദ്ര റാണയ്ക്കും ഗവൺമെൻ്റ് റെയിൽവേ പോലീസ് (ജി.ആർ.പി) ഉദ്യോഗസ്ഥർക്കും നിസ്സാര പരിക്കേറ്റു. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സ്റ്റേഷനിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് കൂടുതൽ സേനയെ എത്തിക്കുകയും ചെയ്തു.
ബിഹാർ പോലീസ് പ്രൊഹിബിഷൻ കോൺസ്റ്റബിൾ പരീക്ഷ എഴുതാനെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളാണ് സ്റ്റേഷനിൽ തടിച്ചുകൂടി പ്രതിഷേധിച്ചത്. യാത്രയ്ക്ക് ആവശ്യമായ ട്രെയിൻ സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിട്ടില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. റെയിൽവേ ട്രാക്കുകളിൽ കുത്തിയിരുന്ന പ്രതിഷേധക്കാർ ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തുകയും പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരീക്ഷാർത്ഥികൾക്കായി സർക്കാർ പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും കടുത്ത തിരക്ക് കാരണം പലർക്കും ട്രെയിനിൽ കയറാൻ കഴിഞ്ഞില്ലെന്ന് ഒരു വിദ്യാർത്ഥിനി പറഞ്ഞു. തുടർന്ന് ഇവർ ഒരു ട്രെയിൻ മുന്നോട്ട് പോകുന്നത് തടഞ്ഞത് സ്റ്റേഷനിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാവുകയായിരുന്നു.
പ്രതിഷേധക്കാർ സ്റ്റേഷനിലും കടകളിലും അക്രമം അഴിച്ചുവിട്ടതോടെ കല്ലെറിയുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ആകാശത്തേക്ക് വെടിയുതിർത്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ അവർ കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പിന്നീട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്), ജി.ആർ.പി, പ്രാദേശിക പോലീസ് എന്നിവർ ചേർന്ന് ട്രാക്കുകൾ ഒഴിപ്പിക്കുകയും ട്രെയിൻ ഗതാഗതം സാധാരണ നിലയിലാക്കുകയും ചെയ്തു. ഒരു ട്രെയിൻ പുറപ്പെടുന്നത് തടഞ്ഞ 200 മുതൽ 250 വരെ വിദ്യാർത്ഥികളെ അവിടെ നിന്ന് മാറ്റാൻ പോലീസും റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും ശ്രമിച്ചപ്പോഴാണ് ചിലർ കല്ലെറിയാൻ തുടങ്ങിയതെന്ന് ഐ.ജി റാണ മാധ്യമങ്ങളോട് പറഞ്ഞു. ജീവനോ സ്വത്തിനോ നാശനഷ്ടമുണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻകരുതൽ നടപടിയായി സ്റ്റേഷനിൽ പോലീസ് സാന്നിധ്യം തുടരുകയാണ്. മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
ഉദ്യോഗാർത്ഥികൾക്കായി ഭരണകൂടം പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിരുന്നതായി പട്ന ജില്ലാ മജിസ്ട്രേറ്റ് ത്യാഗരാജൻ എസ്.എം പറഞ്ഞു. പ്രതിഷേധക്കാർക്കിടയിൽ നുഴഞ്ഞുകയറിയ ചില സാമൂഹ്യവിരുദ്ധരാണ് കല്ലെറിഞ്ഞ് അക്രമത്തിന് തുടക്കമിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. റെയിൽവേ സ്റ്റേഷനിൽ അക്രമസംഭവങ്ങൾ നടക്കുന്നതായി അർദ്ധരാത്രിയോടെയാണ് വിവരം ലഭിച്ചത്. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ചെറിയ രീതിയിൽ ബലം പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിട്ടു. നിലവിൽ സ്ഥിതിഗതികൾ പൂർണ്ണമായും ശാന്തവും നിയന്ത്രണവിധേയവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സെൻട്രൽ സെലക്ഷൻ ബോർഡ് (കോൺസ്റ്റബിൾ റിക്രൂട്ട്മെൻ്റ്) നടത്തുന്ന 2,417 വാർഡർ തസ്തികകളിലേക്കും 1,603 പ്രൊഹിബിഷൻ കോൺസ്റ്റബിൾ തസ്തികകളിലേക്കും 108 മൊബൈൽ സ്ക്വാഡ് കോൺസ്റ്റബിൾ തസ്തികകളിലേക്കുമുള്ള എഴുത്തുപരീക്ഷകൾ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ സംഘർഷം ഉണ്ടായിരിക്കുന്നത്. ജൂൺ 14 മുതൽ ജൂൺ 17 വരെ ബിഹാറിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടക്കുന്നത്.