രാഷ്ട്രീയ നാടകം തുടർന്ന് തൃണമൂൽ; വിമത എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ചേർന്നു, എൻഡിഎയ്ക്ക് പിന്തുണ
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര ഭിന്നതയും രാഷ്ട്രീയ നാടകങ്ങളും പുതിയ തലത്തിലേക്ക്. മമതാ ബാനർജിയെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷത്തെ എംപിമാരും വിമത വിഭാഗവും വെവ്വേറെയായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയെ കണ്ട് കത്തുകൾ കൈമാറി. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ, തങ്ങൾ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ചേർന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചതായും വിമത എംപിമാർ വെളിപ്പെടുത്തി. തങ്ങൾക്കൊപ്പം 20 എംപിമാരുടെ പിന്തുണയുണ്ടെന്ന് വിമത വിഭാഗം നേതാവ് കക്കോലി ഘോഷ് ദസ്തിദാർ അവകാശപ്പെട്ടു. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയുമായി ലയിക്കാനുള്ള നിയമപരമായ അഭ്യർത്ഥനയും എൻഡിഎയുടെ ഭാഗമായി പാർലമെന്റിൽ പ്രത്യേക ഇരിപ്പിട ക്രമീകരണവും ആവശ്യപ്പെട്ടാണ് തങ്ങൾ സ്പീക്കറെ കണ്ടതെന്നും വിമതർ വ്യക്തമാക്കി.
കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവിൻ്റെ വസതിയിൽ വെച്ച് നടത്തിയ നിർണായക യോഗത്തിന് ശേഷമാണ് വിമത എംപിമാർ സ്‌പീക്കറെ കാണാൻ പാർലമെന്റിലെത്തിയത്. ത്രിപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രാദേശിക പാർട്ടിയാണ് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി. കടുത്ത കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നുള്ള നിയമപരമായ തിരിച്ചടികൾ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കത്തിൻ്റെ ഭാഗമായിട്ടാണ് വിമതർ ഈ പാർട്ടിയിൽ ലയിക്കാൻ തീരുമാനിച്ചത്. തങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെന്നും അതിനാൽ തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസെന്നും വിമതർ അവകാശപ്പെടുന്നുണ്ട്. തങ്ങളുടെ അവകാശവാദങ്ങൾ സ്ഥാപിച്ചെടുക്കാൻ കോടതിയെ സമീപിക്കുമെന്ന് വിമത എംപി സുദീപ് ബന്ദോപാധ്യായ് വ്യക്തമാക്കി.
അതേസമയം, വിമതർ സ്പീക്കറുടെ അടുത്തെത്തുന്നതിന് തൊട്ടുമുമ്പായി മമതാ ബാനർജിയെ അനുകൂലിക്കുന്ന ഔദ്യോഗിക പക്ഷം എംപിമാർ ലോക്സഭയിലെത്തിയിരുന്നു. തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഒപ്പിട്ട ഔദ്യോഗിക കത്ത് ഇവർ സ്‌പീക്കർക്ക് നേരിട്ട് കൈമാറി. കീർത്തി ആസാദ്, സാഗരിക ഘോഷ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഈ കൂടിക്കാഴ്ച. അടിയന്തര പ്രാധാന്യമുള്ള ഈ കത്ത് നേരത്തെ ഇമെയിൽ വഴി അയച്ചിരുന്നുവെന്നും, അത് നേരിട്ട് ബോധ്യപ്പെടുത്താനാണ് എത്തിയതെന്നും ഔദ്യോഗിക പക്ഷം മാധ്യമങ്ങളോട് പറഞ്ഞു.
പാർലമെന്റിൽ തൃണമൂൽ കോൺഗ്രസിനെ അതിൻ്റെ നിയമപരമായി അംഗീകരിക്കപ്പെട്ട കേന്ദ്ര നേതൃത്വത്തിലൂടെയും ഔദ്യോഗിക വിപ്പിലൂടെയും മാത്രമേ പ്രതിനിധീകരിക്കാൻ അനുവദിക്കാവൂ എന്ന് അഭിഷേക് ബാനർജി കത്തിലൂടെ സ്പീക്കറോട് ആവശ്യപ്പെട്ടു. പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞുപോയ ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിനോ വിഭാഗത്തിനോ യാതൊരുവിധ ഔദ്യോഗിക അംഗീകാരമോ പ്രത്യേക പദവിയോ പാർലമെന്ററി സൗകര്യങ്ങളോ നൽകരുതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ വിഷയത്തിൽ വിമതരുടെ ഭാഗത്തുനിന്ന് വരുന്ന അപേക്ഷകളിൽ എന്തെങ്കിലും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് പാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള കൃത്യമായ അവസരം നൽകണമെന്നും കത്തിലൂടെ ടി.എം.സി നേതൃത്വം ആവശ്യപ്പെട്ടു. ലോക്സഭയിൽ ഈ രാഷ്ട്രീയ വടംവലി തുടരുന്നതിനിടയിലാണ് വിമതർ പുതിയ പാർട്ടി ലയനവുമായി മുന്നോട്ട് പോകുന്നത്.