05/09/2026
[fontresizer_tawhidurrahmandear_widget]

സുന്ദർ പിച്ചെയ്‌ക്കെതിരെ വൻ പ്രതിഷേധം; ‘ഫ്രീ ഫലസ്‌തീൻ’ മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചു

 സുന്ദർ പിച്ചെയ്‌ക്കെതിരെ വൻ പ്രതിഷേധം; ‘ഫ്രീ ഫലസ്‌തീൻ’ മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചു

കാലിഫോർണിയ: കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയ്‌ക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. പ്രസംഗിക്കാനായി അദ്ദേഹം വേദിയിലെത്തിയപ്പോൾ നൂറിലധികം വിദ്യാർത്ഥികൾ ‘ഫ്രീ, ഫ്രീ ഫലസ്‌തീൻ’ എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ച് ചടങ്ങ് ബഹിഷ്‌കരിച്ച് പുറത്തുപോവുകയായിരുന്നു. ഗൂഗിളും ഇസ്രയേൽ സർക്കാരും തമ്മിലുള്ള വിവാദമായ ക്ലൗഡ് കമ്പ്യൂട്ടിംഗ് കരാറായ ‘പ്രോജക്റ്റ് നിംബസി’നെതിരെയായിരുന്നു വിദ്യാർത്ഥികളുടെ ഈ പ്രതിഷേധം.

ഇസ്രയേൽ സർക്കാരും ഗൂഗിളും ആമസോണും സംയുക്തമായി ഒപ്പുവെച്ച 1.2 ബില്യൺ ഡോളറിൻ്റെ എ.ഐ സാങ്കേതികവിദ്യാ പദ്ധതിയാണ് പ്രോജക്റ്റ് നിംബസ്. ഗസ്സയിലെ സൈനിക നടപടികൾക്കും ആക്രമണങ്ങൾക്കും ഇസ്രയേൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് 2026-ലെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥികൾ കൂട്ടത്തോടെ സ്റ്റേഡിയത്തിൽ നിന്ന് ഇറങ്ങിപ്പോയത്.

അതേസമയം, ടെക് രംഗത്തെ മറ്റ് പ്രമുഖർക്ക് സമാനമായ വേദികളിൽ വിദ്യാർത്ഥികളിൽ നിന്ന് അടുത്തിടെ നേരിടേണ്ടി വന്ന കടുത്ത പ്രതിഷേധങ്ങളും കൂവലും മുൻകൂട്ടി കണ്ട് സുന്ദർ പിച്ചെ തൻ്റെ പ്രസംഗത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനെ (എ.ഐ) കുറിച്ച് പരാമർശിക്കുന്നത് പൂർണ്ണമായും ഒഴിവാക്കി. പകരം ശുഭാപ്തിവിശ്വാസത്തോടെ ജീവിതത്തെ നേരിടേണ്ടതിനെക്കുറിച്ചാണ് അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചത്.

കടുത്ത വെല്ലുവിളികൾ നിറഞ്ഞ കാലത്താണ് നമ്മൾ ജീവിക്കുന്നതെന്നും, ഏത് സാഹചര്യത്തിലേക്കാണ് നമ്മൾ ചെന്നെത്തുന്നത് എന്ന് തെരഞ്ഞെടുക്കാൻ നമുക്കാവില്ലെങ്കിലും അതിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ പഴയ സ്റ്റാൻഫോർഡ് ക്യാമ്പസ് ഓർമ്മകളും പിച്ചെ പ്രസംഗത്തിൽ പങ്കുവെച്ചു. എന്നാൽ ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ ബഹിഷ്കരണത്തെക്കുറിച്ചും ഫലസ്തീൻ അനുകൂല പ്രതിഷേധത്തെക്കുറിച്ചും മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും മറുപടി പറയാൻ തയ്യാറാവാതെ സുന്ദർ പിച്ചെ മൗനം പാലിച്ചു.

Also read: