പാക് പതാകയുമായി സാമ്യമെന്ന് ആരോപണം; കൊല്ലത്ത് ബ്രസീൽ പതാകകൾ അഴിപ്പിച്ച് ആർ.എസ്.എസ്
കൊല്ലം: പാകിസ്ഥാൻ പതാകയുമായി സാമ്യമുണ്ടെന്ന് ആരോപിച്ച് കൊല്ലം കടവൂരിൽ ഫുട്ബോൾ ആരാധകർ കെട്ടിയ ബ്രസീൽ പതാകകൾക്ക് ആർ.എസ്.എസ് വിലക്ക്. പ്രദേശത്ത് കെട്ടിയിരുന്ന ബ്രസീൽ പതാകകൾ ആർ.എസ്.എസ് പ്രവർത്തകർ ഇടപെട്ട് അഴിപ്പിച്ചു. പതാകകൾ കെട്ടിയ കുട്ടികളെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
കടവൂരിലെ പലയിടങ്ങളിൽ നിന്നും ഇവർ ബ്രസീൽ പതാകകൾ നിർബന്ധപൂർവ്വം നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ, കൂടുതൽ ഉയരത്തിൽ കെട്ടിയിരുന്ന ചില പതാകകൾ പൊലീസിന്റെ സഹായത്തോടെയാണ് താഴെയിറക്കിയതെന്നും നാട്ടുകാർക്കിടയിൽ ആരോപണമുയരുന്നുണ്ട്.