‘അതൊരു ഗോളാഘോഷം മാത്രം, രാഷ്ട്രീയമില്ല’; ‘ഗൺ സെലിബ്രേഷൻ’ വിവാദത്തിൽ വിശദീകരണവുമായി ഇറാൻ താരം മുഹമ്മദ് മൊഹെബി
ലൊസാഞ്ചൽസ്: ലോകകപ്പിൽ ന്യൂസീലൻഡിനെതിരായ മത്സരത്തിന് പിന്നാലെ ഉയർന്ന ‘ഗൺ സെലിബ്രേഷൻ’ വിവാദത്തിൽ വിശദീകരണവുമായി ഇറാൻ താരം മുഹമ്മദ് മൊഹെബി രംഗത്ത്. ഗാലറിയിലേക്ക് നോക്കി താൻ നടത്തിയ ആംഗ്യം കേവലം ഒരു ഗോളാഘോഷം മാത്രമായിരുന്നെന്നും അതിന് യാതൊരുവിധ രാഷ്ട്രീയ മാനങ്ങളുമില്ലെന്നും താരം വ്യക്തമാക്കി. എഴുപതിനായിരത്തിലധികം കാണികളെത്തിയ സ്റ്റേഡിയത്തിൽ മികച്ച പിന്തുണ നൽകിയ ഇറാൻ സ്വദേശികളായ ആരാധകർക്ക് വേണ്ടിയാണ് താൻ ആ ഗോൾ സമർപ്പിച്ചതെന്നും മൊഹെബി കൂട്ടിച്ചേർത്തു.
മത്സരത്തിന്റെ 64-ാം മിനിറ്റിൽ ഒന്നാന്തരമൊരു ഹെഡ്ഡറിലൂടെയാണ് മൊഹെബി ഇറാന് സമനില സമ്മാനിച്ചത്. ഗോൾ നേടിയതിന് പിന്നാലെ ഗാലറിക്ക് അരികിലേക്ക് ഓടിയെത്തിയ താരം തോക്കിൽ നിന്ന് വെടിയുതിർക്കുന്നത് പോലെ (ഗൺ ഫയറിങ്) ആംഗ്യം കാണിക്കുകയായിരുന്നു. കൈയിലേക്ക് രണ്ട് വിരലുകൾ ചൂണ്ടിയ ശേഷം വലതുകൈയിലെ വിരലുകൾ ആകാശത്തേക്ക് ഉയർത്തി ചലിപ്പിച്ചായിരുന്നു താരത്തിന്റെ ഈ പ്രകടനം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, കളിയിൽ രാഷ്ട്രീയം ഇരമ്പിയൊഴുകിയ ഗാലറിക്ക് മുന്നിൽ താരം നടത്തിയ ഈ ആംഗ്യം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഫിഫ ഇക്കാര്യത്തിൽ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് വരെ ആവശ്യമുയർന്ന സാഹചര്യത്തിലാണ് മൊഹെബിയുടെ വിശദീകരണം.
അതേസമയം, മത്സരത്തിൽ ഇറാന്റെ ആദ്യ ഗോൾ നേടിയ റാമിൻ റെസയാനും തന്റെ ഗോളാഘോഷത്തെക്കുറിച്ച് പ്രതികരിച്ചു. ഗോൾ നേടിയ ശേഷം ആരാധകരുടെ അടുത്തേക്ക് ഓടുന്നതിനിടയിൽ റെസയാൻ മുഖം ജേഴ്സി കൊണ്ട് മറച്ചിരുന്നു. ഈ ആഘോഷത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് സമ്മതിച്ച താരം എന്നാൽ അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ തയ്യാറായില്ല. ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാനാണ് തങ്ങൾ ഇവിടെ വന്നിട്ടുള്ളതെന്നും ഇറാനുകാർക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് തങ്ങൾക്കിടയിൽ മാത്രം തീർക്കേണ്ട കാര്യമാണെന്നും റെസയാൻ മത്സരശേഷം വ്യക്തമാക്കി.
കളിക്കളത്തിനപ്പുറം ഗാലറിയിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കാണ് ഈ മത്സരം വേദിയായത്. യുദ്ധത്തിനിടെ ഇറാന്റെ മിനാബ് സ്കൂളിൽ നടന്ന ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 168 കുട്ടികളുടെ ഓർമ്മയ്ക്കായി കാണികൾ ‘മിനാബ് 168’ ബാനറുകൾ ഉയർത്തിയത് വലിയ ചർച്ചയായിരുന്നു. മത്സരത്തിന് മുന്നോടിയായി ഇറാന്റെ ദേശീയ ഗാനം മുഴങ്ങിയപ്പോൾ സ്റ്റേഡിയത്തിൽ ഒരുവിഭാഗം കാണികൾ കൂവിവിളിച്ചപ്പോൾ മറ്റൊരു വിഭാഗം കൈയടികളോടെയാണ് അതിനെ പ്രതിരോധിച്ചത്. ഈ കടുത്ത സമ്മർദ്ദങ്ങൾക്കിടയിലാണ് കളിയിൽ രണ്ട് തവണ പുറകിലായിട്ടും ഇറാൻ 2-2 ന് സമനില പിടിച്ചത്.