ടിക്കറ്റും അത്യാഡംബര താമസവും തികച്ചും സൗജന്യം! ലോകകപ്പ് കാണാൻ ആരാധകരെ സ്വന്തം ചെലവിൽ അമേരിക്കയിലെത്തിച്ച് ഖത്തർ
ദോഹ: ലോകകപ്പ് ഫുട്ബോളിൽ തങ്ങളുടെ ടീമിനെ പിന്തുണയ്ക്കുന്നതിനായി ഖത്തർ ആരാധകർക്ക് സർക്കാരിന്റെ പൂർണ്ണ സാമ്പത്തിക സഹായത്തോടെ വടക്കേ അമേരിക്കയിലേക്ക് യാത്രാസൗകര്യം ഒരുക്കി നൽകി. കാനഡയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഏർപ്പെടുത്തിയ പ്രത്യേക വിമാനങ്ങളിൽ ആയിരത്തോളം ഖത്തർ ആരാധകരാണ് വാൻകൂവറിലേക്ക് എത്തിയത്. ലോകകപ്പ് പോരാട്ടങ്ങൾക്കായി എത്തിയ ഈ ആരാധകർ ഫെയർമോണ്ട്, ജെ.ഡബ്ല്യു മാരിയറ്റ് പാർക്ക് തുടങ്ങിയ അത്യാഡംബര ഹോട്ടലുകളിലാണ് താമസിക്കുന്നത്. നഗരമധ്യത്തിൽ തങ്ങളുടെ പരമ്പരാഗത ദർബൂക്ക ഡ്രമ്മുകൾ കൊട്ടി ആവേശം വിതറുന്ന ഖത്തർ ആരാധകർ ഇതിനോടകം തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ഇത്രയധികം ദൂരം സഞ്ചരിച്ച് ടീമിന് പിന്തുണ നൽകാൻ എത്തിയ എല്ലാവർക്കും ഖത്തർ ക്യാപ്റ്റൻ അബ്ദുൽ അസീസ് ഹാതം നന്ദി അറിയിച്ചു. വലിയ ഉത്തരവാദിത്തമാണ് ടീമിനുള്ളതെന്നും, ആരാധകരെ സന്തോഷിപ്പിക്കാനും ടീമിനെയോർത്ത് അവർക്ക് അഭിമാനം തോന്നാനും ആവശ്യമായതെല്ലാം കളിക്കളത്തിൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തർ ഫുട്ബോൾ ഫെഡറേഷനും രാജ്യത്തെ സോഷ്യൽ ആൻഡ് സ്പോർട്ട് കോൺട്രിബ്യൂഷൻ ഫണ്ടും സംയുക്തമായാണ് ലോകകപ്പിനായുള്ള ഈ ‘ഖത്തറി ഫാൻസ് ഡെലിഗേഷൻ പ്രോഗ്രാമിന്’ സാമ്പത്തിക സഹായം നൽകുന്നത്. വിമാന ടിക്കറ്റുകൾ, ഹോട്ടൽ താമസം, പ്രാദേശിക യാത്രാസൗകര്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം ഈ ഫണ്ടിൽ ഉൾപ്പെടുന്നു. ആഗോള വേദിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കളിക്കാർക്ക് പ്രചോദനമേകുന്ന തരത്തിൽ സ്റ്റേഡിയത്തിൽ മികച്ച അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെഡറേഷൻ വ്യക്തമാക്കി.
ഇതിനുപുറമെ, അമേരിക്കയിലും കാനഡയിലും പഠിക്കുന്ന ഖത്തറി വിദ്യാർത്ഥികളെയും മത്സരങ്ങൾ കാണാൻ പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. എങ്കിലും ബി.സി പ്ലേസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചുവപ്പണിഞ്ഞെത്തുന്ന കനേഡിയൻ ആരാധകരുടെ എണ്ണം തന്നെയായിരിക്കും കൂടുതൽ. പ്രകൃതിവാതകവും എണ്ണയും വലിയ തോതിൽ കയറ്റുമതി ചെയ്യുന്ന ഖത്തറിന് 3.2 ദശലക്ഷത്തോളമാണ് ജനസംഖ്യയുള്ളത്. 2022-ൽ ലോകകപ്പിന് ആതിഥേയത്വം വഹിച്ച ഖത്തർ അന്ന് കളിച്ച എല്ലാ ഗ്രൂപ്പ് മത്സരങ്ങളിലും പരാജയപ്പെടുന്ന ആദ്യത്തെ ആതിഥേയ രാജ്യമായി മാറിയിരുന്നു. എന്നാൽ ഇത്തവണ ഖത്തർ മികച്ച പ്രകടനമാണ് നടത്തുന്നത്. കാലിഫോർണിയയിലെ സാന്താ ക്ലാരയിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ബൂലാം ഖൂഖി നേടിയ ഹെഡർ ഗോളിലൂടെ ഖത്തർ ശക്തരായ സ്വിറ്റ്സർലൻഡിനെതിരെ 1-1 ന് അപ്രതീക്ഷിത സമനില പിടിച്ചിരുന്നു. കാനഡയും തങ്ങളുടെ ആദ്യ മത്സരത്തിൽ ബോസ്നിയ-ഹെർസഗോവിനയുമായി 1-1 ന് സമനില വഴങ്ങിയാണ് എത്തുന്നത്.