‘ന്യൂട്ടൺ മഹാനായ പൈലറ്റ്, നെല്ലെന്ന് പറഞ്ഞ് ഗോതമ്പിൻ്റെ ചിത്രം’; ഒഡീഷയിൽ പാഠപുസ്തകങ്ങളിൽ കണ്ടെത്തിയത് 1678 തെറ്റുകൾ
ഭുവനേശ്വർ: ഒഡീഷയിൽ പുതിയ അധ്യയന വർഷത്തേക്കായി പുറത്തിറക്കിയ സ്കൂൾ പാഠപുസ്തകങ്ങളിൽ വ്യാപക തെറ്റുകൾ. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പരിഷ്കരിച്ച പാഠപുസ്തകങ്ങളിലായി 1678 ഭീമാബദ്ധങ്ങളാണ് കടന്നുകൂടിയിരിക്കുന്നത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും ഒഡീഷ കരിക്കുലം ഫ്രെയിംവർക്ക് 2025 ന്റെയും അടിസ്ഥാനത്തിൽ 2026-27 അധ്യയന വർഷത്തേക്കാണ് ഈ പുസ്തകങ്ങൾ തയ്യാറാക്കിയത്. പുതിയ പുസ്തകങ്ങൾ സ്കൂളുകളിൽ വിതരണം ചെയ്തതിന് പിന്നാലെ അധ്യാപകരാണ് ഇതിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിച്ചത്.
പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സർ ഐസക് ന്യൂട്ടനെ പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത് ‘മഹാനായ പൈലറ്റ്’ എന്നാണ്. ഗോതമ്പിന്റെ ചിത്രം നൽകി നെല്ല് എന്ന് രേഖപ്പെടുത്തിയതും ഈ തെറ്റുകളിൽ ഉൾപ്പെടുന്നു. കർണാടക നിയമസഭയുടെ ചിത്രം ഒഡീഷ നിയമസഭയുടേതായും, ഹംപിയിലെ ക്ഷേത്രസമുച്ചയം കൊണാർക്കിലെ സൂര്യക്ഷേത്രമായുമാണ് പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്നത്. ഭൂമിശാസ്ത്രപരമായും നിരവധി തെറ്റുകൾ ഇതിലുണ്ട്. ഒഡീഷയിലുള്ള നിയംഗിരി മലനിരകൾ ജാർഖണ്ഡിലാണെന്നും, ഗഞ്ജം ജില്ലയിലെ ഒരു നഗരമായ ബെർഹാംപുരിനെ ഒരു ജില്ലയായുമാണ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്. ശാസ്ത്രവിഷയങ്ങളിലും സമാനമായ അബദ്ധങ്ങൾ ആവർത്തിച്ചിട്ടുണ്ട്. താപനില എന്ന് രേഖപ്പെടുത്തേണ്ടിടത്ത് മർദം എന്നും, ഭക്ഷ്യശൃംഖലയെ ഭക്ഷ്യശൃംഖലാജാലം എന്നും തെറ്റായി നൽകിയിരിക്കുന്നു. കൂടാതെ, വിഷുവം എന്നതിന് പകരം ഭൂമധ്യരേഖ എന്നാണ് പുസ്തകത്തിലുള്ളത്.
സ്കൂൾ ആൻഡ് മാസ് എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് നൽകുന്ന വിവരമനുസരിച്ച്, എട്ടാം ക്ലാസിലെ പാഠപുസ്തകങ്ങളിലാണ് ഏറ്റവും കൂടുതൽ തെറ്റുകൾ ഉള്ളത്. ആകെ കണ്ടെത്തിയ 1678 തെറ്റുകളിൽ 705 എണ്ണവും എട്ടാം ക്ലാസുകാരുടെ പുസ്തകങ്ങളിലാണ്. സംഭവം വലിയ വിവാദമായതോടെ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഡയറക്ടറേറ്റ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെയും എസ്.സി.ഇ.ആർ.ടിയുടെയും മേൽനോട്ടത്തിലായിരുന്നു ഈ പാഠപുസ്തകങ്ങൾ തയ്യാറാക്കിയിരുന്നത്. ഗുരുതരമായ ഈ വീഴ്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും, ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.