‘അടിയന്തരാവസ്ഥ പഠിക്കൂ’; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ആദ്യമായി അടിയന്തരാവസ്ഥ പഠന വിഷയം; സ്വാഗതം ചെയ്ത് ബിജെപി
ന്യൂഡൽഹി: ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് അഞ്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ, ചരിത്രത്തിലാദ്യമായി ഈ വിഷയം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തി ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എൻസിഇആർടി). ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിലാണ് രാജ്യത്തെ അടിയന്തരാവസ്ഥാ കാലഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും അതിന്റെ കരുത്തും വ്യക്തമാക്കുന്ന അധ്യായത്തിന്റെ ഭാഗമായാണ് അടിയന്തരാവസ്ഥയെയും പരാമർശിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥാ കാലത്ത് ജനങ്ങൾക്ക് അവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്നുവെന്നും, ഇത് ജനാധിപത്യത്തിന് നേരെയുള്ള വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും പുതിയ പാഠപുസ്തകത്തിൽ വ്യക്തമാക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒൻപതാം ക്ലാസിലെ സിലബസിൽ അടിയന്തരാവസ്ഥ ഉൾപ്പെടുത്തിയ കാര്യം എൻസിഇആർടിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.
1970-കളിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുണ്ടായ കടുത്ത അതൃപ്തിയാണ് 1975-ലെ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് നയിച്ചതെന്നാണ് പാഠഭാഗത്ത് പ്രധാനമായും വിശദീകരിക്കുന്നത്. അക്കാലത്തെ ഉയർന്ന പണപ്പെരുപ്പം, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, രൂക്ഷമായ തൊഴിലില്ലായ്മ, ഭരണകൂടത്തിനെതിരായ ജനങ്ങളുടെ വിമർശനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഈ തീരുമാനത്തിന് കാരണമായതായി പുസ്തകം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ ജയപ്രകാശ് നാരായണന്റെ നിർണ്ണായക പങ്കും പാഠഭാഗത്ത് പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതിനെത്തുടർന്ന് 1977-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത തങ്ങളുടെ വോട്ടവകാശത്തിലൂടെ ജനാധിപത്യത്തിന്റെ ശക്തി കാണിച്ച് ആ സർക്കാരിനെ താഴെയിറക്കിയെന്നും പുസ്തകത്തിൽ പറയുന്നു. അതേസമയം, ചരിത്രപരമായ ഈ വിവരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ എൻസിഇആർടിയുടെ തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു.