05/09/2026
[fontresizer_tawhidurrahmandear_widget]

‘എനിക്ക് ഡ്രൈവിങ് അറിയില്ല, ലൈസന്‍സുമില്ല, 18 വയസിന് മുകളില്‍ ഉള്ളവര്‍ ഡ്രൈവിംഗ് പഠിക്കണം’; ​ഗതാ​ഗത മന്ത്രി സി.പി. ജോൺ

 ‘എനിക്ക് ഡ്രൈവിങ് അറിയില്ല, ലൈസന്‍സുമില്ല, 18 വയസിന് മുകളില്‍ ഉള്ളവര്‍ ഡ്രൈവിംഗ് പഠിക്കണം’; ​ഗതാ​ഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രിയാണെങ്കിലും തനിക്ക് വാഹനമോടിക്കാൻ അറിയില്ലെന്നും സ്വന്തമായി ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നുമുള്ള രസകരമായ വെളിപ്പെടുത്തലുമായി മന്ത്രി സി.പി. ജോൺ. ഡ്രൈവിങ് വശമില്ലാത്തതിനാൽ താൻ അതിലെ സാങ്കേതിക കാര്യങ്ങളിലേക്ക് കൂടുതൽ കടക്കുന്നില്ലെന്നും, എന്നാൽ 18 വയസ്സ് കഴിഞ്ഞ എല്ലാവരും നിർബന്ധമായും ഡ്രൈവിങ് പഠിച്ചിരിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്കൂൾ പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷയും ഡ്രൈവിംഗും ഉൾപ്പെടുത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സി ബസുകളുടെ നവീകരണം, വായു മലിനീകരണ നിയന്ത്രണ കേന്ദ്രങ്ങൾ മെച്ചപ്പെടുത്തൽ, ഇ-ചലാൻ സംവിധാനത്തിന്റെ സംയോജനം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. വാഹൻ സാരഥി പോർട്ടലുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങളും സംസ്ഥാനം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയം ഗൗരവമായി പരിഗണിച്ച കേന്ദ്രമന്ത്രി, വാഹൻ സാരഥിയിലെ പ്രശ്നങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കാൻ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന് (എൻ.ഐ.സി) കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച വിവിധ നിർദ്ദേശങ്ങളോട് കേന്ദ്രത്തിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് സി.പി. ജോൺ വ്യക്തമാക്കി. ഇതിനുപുറമെ, സംസ്ഥാനത്ത് വിപുലമായ റോഡ് സുരക്ഷാ ക്യാമ്പയിനുകൾ ആരംഭിക്കുമെന്നും, കെ.ടി.ഡി.എഫ്.സിയെ (KTDFC) ഏറ്റവും മികച്ച ഒരു ബാങ്കിതര ധനകാര്യ സ്ഥാപനമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: